 മലങ്കര ടൂറിസ്റ്റ് ഹബിലെത്തുന്നവർ മടങ്ങുന്നത് നിരാശരായി

തൊടുപുഴ: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മലങ്കര ടൂറിസ്റ്റ് ഹബ് ഉദ്ഘാടനം ചെയ്തെങ്കിലും പ്രദേശം സന്ദർശിക്കാനെത്തുന്നവർ മടങ്ങുന്നത് നിരാശരായി. ജലവിഭവം- ടൂറിസം വകുപ്പുകളുടെ സംയുക്ത സംരംഭമായ മലങ്കര ടൂറിസ്റ്റ് ഹബ് നവംബർ രണ്ടിനാണ് പൊതുജനത്തിന് തുറന്ന് നൽകിയത്. കുട്ടികളുടെ പാർക്കും അണക്കെട്ടും പ്രദേശത്തുള്ള മറ്റ് സ്വാഭാവിക കാഴ്ചകളും കാണുന്നതിനുള്ള സൗകര്യവും പദ്ധതിയോട് അനുബന്ധിച്ച് സജ്ജമാക്കിയിട്ടുണ്ടെങ്കിലും ഇവിടെയെത്തുന്ന ആളുകൾ നിരാശരായി മടങ്ങുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഫുഡ്‌ കോർട്ട്, മ്യൂസിയം, ടൂറിസം ഇൻഫർമേഷൻ സെന്റർ, ആധുനിക രീതിയിലുള്ള ശൗചാലയം, 200 ആളുകൾക്ക് ഇരിക്കാനുള്ള ഗ്യാലറി ഉൾപ്പടെ ദുബായി മോഡൽ എൻട്രൻസ് പ്ലാസയാണ് പദ്ധതിയിൽ വിഭാവനം ചെയ്തത്. എന്നാൽ എൻട്രൻസ് പ്ലാസയിൽ ഗ്യാലറി സൗകര്യം മാത്രമാണ് പൂർത്തിയായിട്ടുള്ളത്. മറ്റുള്ള സൗകര്യങ്ങൾ ഉടൻ സജ്ജമാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്.

സന്ദർശിച്ചത് ഒരു ലക്ഷം പേർ

ഉദ്ഘാടനത്തിന് ശേഷം വിവിധ സ്ഥലങ്ങളിൽ നിന്നായി മലങ്കര ടൂറിസ്റ്റ് ഹബ് സന്ദർശിച്ചത് ഒരു ലക്ഷത്തിലധികം പേരാണെന്നാണ്‌ ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്. മൂന്നാർ, വാഗമൺ, ഇല്ലിക്കകല്ല്, തേക്കടി, ഇലവീഴാപൂഞ്ചിറ, തൊമ്മൻകുത്ത് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇതുവഴി പോകുന്നവർ കുടുംബ സമേതം മലങ്കര ഹബ്ബിലും എത്തിയിരുന്നു. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ,​ വിവിധ റസിഡൻസ് അസോസിയേഷൻസുകൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ കൂട്ടത്തോടെ ഇവിടേക്ക് എത്തുന്നുണ്ട്.

ബോട്ട് സർവീസ് ഉടൻ ആരംഭിക്കണം

മലങ്കര ടൂറിസ്റ്റ് ഹബിൽ ഉടൻ ബോട്ട് സർവീസ് ആരംഭിക്കണമെന്നുള്ള ആവശ്യം ശക്തമാവുകയാണ്. അണക്കെട്ടിലെ വെള്ളം മലിനമാകാതെ ഹബിൽ നിന്ന് മാത്തപ്പാറ- ശങ്കരപ്പള്ളിയിലേക്ക് ബോട്ട് സർവീസ് വർഷങ്ങൾക്ക് മുമ്പ് വിഭാവനം ചെയ്തിരുന്നു. ഇതിനായി ലക്ഷങ്ങൾ ചിലവഴിച്ച് ബോട്ട് ജെട്ടിയും നിർമ്മിച്ചു. എന്നാൽ അധികൃതർ ചില മുടന്തൻ ന്യായങ്ങൾ നിരത്തി പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ സ്തംഭിപ്പിച്ചു. അണക്കെട്ടിലെ വെള്ളം മലിനമാകാത്ത വിധം എന്റർടെയിമെന്റ് സംവിധാനത്തോടെ രണ്ട് മണിക്കൂർ ബോട്ട് സർവീസ് ടൂറിസ്റ്റ് ഹബിൽ ആരംഭിച്ചാൽ പദ്ധതിക്ക് വൻ സാധ്യതയാണ് കൈവരും.