tree
രണ്ടു മാസം മുൻപ് മുറിച്ചുമാറ്റിയ ഗ്രാന്റീസ് മരക്കുറ്റിയിൽ നിന്നും ആറടി ഉയരത്തിൽ വീണ്ടും തഴച്ചുവളരുന്ന ചെടി.

മറയൂർ: സർക്കാർ ഉത്തരവിന് പുല്ലുവില കൽപിച്ച്​ കുറ്റി നശിപ്പിച്ചിക്കാതെ ഗ്രാന്റീസ് മരങ്ങൾ വീണ്ടും വളരുന്നു. കഴിഞ്ഞ എട്ടു മാസമായി കാന്തല്ലൂർ മലനിരകളിൽ മുറിച്ചുമാറ്റിയ ഗ്രാന്റീസ് മര കുറ്റികളിൽ നിന്ന് വീണ്ടും ആറടി ഉയരത്തിൽ മരം മുളച്ചു വന്നു തുടങ്ങി. 2019 ഫെബ്രുവരി 11ലെ സർക്കാർ ഉത്തരവ് പ്രകാരം മരം പിഴുത് മാറ്റാതെ മുറിച്ചു മാറ്റുകയും കുറ്റികൾ, വേര് കത്തിച്ചോ, മറ്റു മാർഗങ്ങളിലൂടെയോ നശിപ്പിച്ചു കളയണമെന്നാണ് നിർദ്ദേശം. ഈ നിബന്ധനകൾ അംഗീകരിപ്പിച്ചു വേണം മരംമുറിക്ക് അനുവാദം നൽകേണ്ടതെന്നും ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിച്ച് ഭൂഗർഭ ജലമൂറ്റി കുടിക്കുന്ന ഗ്രാന്റീസ് മരങ്ങളെ അഞ്ചു നാടൻ മലനിരകളിൽ നിന്ന് നിർമ്മാർജനം ചെയ്യുക എന്ന ലക്ഷ്യമിട്ടാണ് മരം മുറിക്ക് വീണ്ടും അനുവാദം നൽകിയത്. മുൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗ്രാന്റീസ് മരംമുറിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. നിരവധി സമരങ്ങളെയും ഇടപ്പെടലുകളെയും തുടർന്നാണ് വീണ്ടും നിബന്ധനകളോടെ മരംമുറിക്ക് അനുവാദം ലഭിച്ചത്. 40 ലധികം ലോറികളിൽ ആയിരത്തിലധികം ടൺ ഗ്രാന്റീസ് മരം ദിവസം തോറും ഇവിടെ നിന്ന് കയറ്റി കൊണ്ടു പോകുന്നുണ്ട്. എന്നാൽ ഒരു മരത്തിന്റെ പോലും കുറ്റി വീണ്ടും വളരാതെ നശിപ്പിക്കാൻ ആരും തയ്യാറായിട്ടില്ല.

''കാന്തല്ലൂർ, മറയൂർ മലനിരകളിൽ ഗ്രാന്റീസ് മരങ്ങളുടെ കുറ്റികൾ നശിപ്പിക്കാതെ വന്നാൽ മരം മുറിക്ക് വീണ്ടും നിരോധനം ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശ് പറഞ്ഞു. കാന്തല്ലൂരിലെ മലനിരകളിൽ നടന്നുവരുന്ന മരംമുറി നിബന്ധനകൾക്ക് വിധേയമാണോ നടക്കുന്നതെന്ന് പരിശോധിക്കാൻ ദേവികുളം തഹസിൽദാരെ ചുമതലപ്പെടുത്തും. അടുത്ത ദിവസം തന്നെ സ്ഥലം സന്ദർശിക്കും.""

-ജില്ലാ കളക്ടർ എച്ച്. ദിനേശ്