മുട്ടം: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും എം.വി.ഐ.പിയും സംയുക്തമായി മലങ്കര ഫെസ്റ്റ് സംഘടിപ്പിക്കണമെന്ന് കോൺഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മലങ്കര ടൂറിസം പദ്ധതിയുടെ വളർച്ചയ്ക്കും വികാസത്തിനും ഉതകുന്ന രീതിയിൽ ഫെസ്റ്റ് സംഘടിപ്പിച്ചാൽ പതിനായിരക്കണക്കിന് ജനങ്ങളെ ഇവിടേക്ക് ആകർഷിപ്പിക്കാൻ സാധിക്കും. ഇത് മുഖേന ടൂറിസം മേഖലക്ക് ഉണർവ് നൽകാനാകും. കഴിഞ്ഞ വർഷം മുട്ടം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നെങ്കിലും സംഘാടന പിഴവ് മൂലം ഫെസ്റ്റ് പൂർണതോതിൽ വിജയകരമാക്കാൻ സാധിച്ചിരുന്നില്ല. കൂടാതെ ഫെസ്റ്റ് നടത്തിപ്പിൽ അഴിമതിയും പണം വകമാറ്റി ചിലരുടെ മാത്രം അക്കൗണ്ടിലേക്ക്‌ പോകുകയും ചെയ്തിട്ടുണ്ട്. ഇത് മൂലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയാൽ വിജയിപ്പിക്കാൻ സാധിക്കില്ല. മലങ്കര ടൂറിസം പ്രദേശം പൂർണമായും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും എം.വി.ഐ.പിയുടെയും നിയന്ത്രണത്തിലായതിനാൽ എത്രയും വേഗം ഫെസ്റ്റ് നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് യോഗം അവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി, പി.ജെ. ജോസഫ് എം.എൽ.എ എന്നിവർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. യോഗത്തിൽ മണ്ഡലം പ്രിസിഡന്റ് ബേബി വണ്ടനാനി, എ.ഒ. ചെറിയാൻ, എസ്തപ്പാൻ പ്ലാക്കൂട്ടം, എൻ.കെ. ബിജു, അരുൺ പൂച്ചക്കുഴി, മെെെക്കിൾ പുരയിടത്തിൽ, എൻ.കെ. അജി, സാജൻ കുളമറ്റത്തിൽ, റെന്നി ചെറിയാൻ, ജോമോൻ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.