തൊടുപുഴ: സ്ത്രീ- ശിശുസംരക്ഷണം ലക്ഷ്യമിട്ട് തെക്കുംഭാഗം അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിൽ കേരള വനിതാ ടീമംഗങ്ങൾ ഉൾപ്പെടുന്ന കെ.സി.എ ഇലവനെതിരെ ഇടുക്കി പ്രസ് ക്ലബ് ടീം പത്ത് വിക്കറ്റിന്റെ ആധികാരിക ജയം. ഇടുക്കി പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കേരളാ ക്രിക്കറ്റ് അസോസിയേഷൻ, ശിശുക്ഷേമ സമിതി, ജി.ടെക് കമ്പ്യൂട്ടർ എഡ്യുക്കേഷൻ എന്നിവയുമായി സഹകരിച്ചായിരുന്നു മത്സരം. നിശ്ചിത 12 ഓവറിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത കെ.സി.എ ഇലവൻ എട്ട് ഓവറിൽ 40 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ പ്രസ്ക്ലബ് ടീം വിക്കറ്റൊന്നും നഷ്ടമാകാതെ 5.3 ഓവറിൽ വിജയലക്ഷ്യം നേടി. മൂന്ന് ഓവറിൽ 10 റൺസ് വിട്ടുകൊടുത്ത് ഹാട്രിക്കടക്കം അഞ്ച് വിക്കറ്റും പുറത്താകാതെ 14 റൺസും നേടിയ വിനോദ് കണ്ണോളിയാണ് മാൻ ഓഫ് ദ മാച്ച്. 10 വിക്കറ്റിൽ അഞ്ചും ക്യാച്ചെടുത്ത വിക്കറ്റ് കീപ്പർ സി. സമീറും മികച്ച പ്രകടനം കാഴ്ചവച്ചു. കെ.സി.എ ഇലവനിൽ നിന്ന് ജിപ്സ വി. ജോസഫ്, ജിസ്ന വി. ജോസഫ്, മാളവിക സാബു, അമീഷ എന്നിവരും മികച്ച പ്രകടനം നടത്തി. സോജൻ സ്വരാജ് (ക്യാപ്ടൻ), വിനോദ് കണ്ണോളി, സി. സമീർ (വൈസ് ക്യാപ്ടൻ), സംപ്രീത് കെ.എസ്, സുജിത് സുധാകർ, ജോർജ് തോമസ്, പി.പി. ബിനോജ്, ജിജോ കാളിയാർ, നിഖിൽ ജോസ്, അഖിൽ സഹായി, അമൽ ബാലകൃഷ്ണൻ, ജോമോൻ വി. സേവ്യർ, പി.ആർ. പ്രശാന്ത്, കെ.ബി. വിൽസൺ, ഷിയാമി തൊടുപുഴ എന്നിവരായിരുന്നു പ്രസ്ക്ലബ് ടീമംഗങ്ങൾ. കെ.ജി. പ്രദീപ്കുമാർ ടീം മാനേജറായിരുന്നു. ജില്ലാ ശിശുക്ഷേമ സമിതി അദ്ധ്യക്ഷൻ ജോസഫ് അഗസ്റ്റിൻ മത്സരം ഉദ്ഘാടനം ചെയ്തു. തൊടുപുഴ നഗരസഭ ചെയർപേഴ്‌സൺ ജെസി ആന്റണി സമ്മാനദാനം നിർവഹിച്ചു.