ഇടുക്കി: ജില്ലാ കേരളോത്സവത്തിൽ അഭിമാന നേട്ടവുമായി തൊടുപുഴ നഗരസഭ. ഏറ്റവും കൂടുതൽ പോയിന്റുകളോടെ കലാതിലക പട്ടവും കലാ പ്രതിഭ പുരസ്‌കാരവും തൊടുപുഴ നഗരസഭ സ്വന്തമാക്കി. ഒഡീസി, നാടോടിനൃത്തം, മോണോആക്ട്, കഥാ പ്രസംഗം, നാടകം എന്നീ ഇനങ്ങളിൽ മത്സരിച്ചാണ് നീനു പി. ജെയിംസ് കലാതിലകപട്ടം നേടിയത്. കളമശേരി കിൻഫ്രയിലെ കെയർ ഓൺ ഹെൽത്ത് കെയർ സൊല്യൂഷൻസിലെ ജീവനക്കാരിയാണ്. ശരത് ബാബുവാണ് ഭർത്താവ്. കഥാ രചന, കവിതാ രചന, കാർട്ടൂൺ, ക്ലേ മോഡലിംഗ് എന്നീ ഇനങ്ങളിൽ മത്സരിച്ചാണ് പി.കെ. അനൂപ് കുമാർ കലാപ്രതിഭ പുരസ്‌കാരം നേടിയത്. തൊടുപുഴ കുമാർ ആൻഡ് കുമാർ ആർക്കിടെക് മാനേജിങ് ഡയറക്ടർ ആണ്. കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുമാരി കൊച്ചുത്രേസ്യ പൗലോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മാത്യു ജോൺ അദ്ധ്യക്ഷനായി. സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ സന്തോഷ് കാല മുഖ്യ പ്രഭാഷണം നടത്തി. കലാമത്സരങ്ങൾ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. കലാ കായിക മത്സരങ്ങളിൽ അഴുത ബ്ലോക്ക് ഒന്നാംസ്ഥാനവും തൊടുപുഴ നഗരസഭ രണ്ടാം സ്ഥാനവും നേടി. അത്‌ലറ്റിക് ഇനങ്ങളിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ചാമ്പ്യൻമാരായി. വോളിബോൾ മത്സരത്തിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനിധീകരിച്ച കുടയത്തൂർ പഞ്ചായത്ത് ജേതാക്കളായി.