തൊടുപുഴ: ക്രിസ്മസിന് ഇനി രണ്ടാഴ്ചയിൽ താഴെ ദിവസങ്ങൾ മാത്രമുള്ളപ്പോൾ എങ്ങും കേൾക്കുന്നത് മധുരം നിറഞ്ഞ കേക്കുകളുടെ വിളിയാണ്. ക്രിസ്മസ് മധുരം നിറഞ്ഞതാക്കാൻ വൈവിദ്ധ്യമാർന്ന കേക്കുകളാണ് നഗരത്തിലെ ബേക്കറികളിൽ നിരന്നിട്ടുള്ളത്. പ്ലം കേക്കുകൾക്കും ഐസിംഗ് കേക്കുകൾക്കുമാണ് ആവശ്യക്കാർ ഏറെ. ബ്ലാക്ക് ഫോറസ്റ്റ് മുതൽ റെഡ് വെൽവെറ്റ് വരെയുള്ള കേക്കുകൾക്ക് ഇത്തവണയും നല്ല ഡിമാൻഡാണ്. ഓർഡർ അനുസരിച്ച് ക്രിസ്മസ് കേക്കുകൾ തയ്യാറാക്കി നൽകുന്ന കടകളും സജീവമായിട്ടുണ്ട്. രുചിയിൽ മാത്രമല്ല, നിറത്തിലും രൂപത്തിലും പേരിലും വൈവിധ്യമായെത്തുന്ന കുടുംബശ്രീ കേക്കുകൾക്കും ആവശ്യക്കാർ ഏറെയാണ്. മായമില്ലാത്തതും ആരോഗ്യത്തിന് ഹാനികരമല്ലാത്തതുമായ ചേരുവകളുപയോഗിച്ച് നിർമിക്കുന്ന ഈ കേക്കുകൾക്ക് സാധാരണക്കാരന് താങ്ങാനാവുന്ന വിലയേ ഉള്ളൂ എന്നതാണ് ആശ്വാസകരമായ മറ്റൊരു കാര്യം. പ്രമേഹ രോഗികളെ ലക്ഷ്യം വെച്ച് ഷുഗർ ഫ്രീ കേക്കുകളും ബേക്കറികളിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ വിപണിയിൽ നടക്കുന്ന കടുത്ത മത്സരത്തിനിടെ വീട്ടിൽ ക്രിസ്മസ് കേക്ക് ഉണ്ടാക്കുന്നവരുടെ എണ്ണവും കൂടിവരികയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി 20 രൂപ മുതൽ 50 രൂപ വരെ വിലവർദ്ധിച്ചിട്ടുണ്ട്. ക്രിസ്തുമസും പുതുവത്സരവും അടുക്കുന്നതോടെ വിപണി ഉഷാറാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.

രുചി കൂടുംതോറും വിലയേറും

പ്ലം കേക്കുകൾ- 200- 300

കാരറ്റ് 350,

മാർബിൾ 300

ബനാന- 350

പൈനാപ്പിൾ- 350

ബട്ടർ- 350

ബട്ടർ ക്രീം ഐസിംഗ്- 350

ബ്ലാക്ക് ഫോറസ്റ്റ്- 600

വൈറ്റ് ഫോറസ്റ്റ്- 600

ബ്ലൂബറി- 800

ചോക്ലേറ്റ് ട്രഫിൾ കേക്ക്- 750

ഓറിയോ ക്രീം- 900

ബോർബാൺ- 900

റഡ് വെൽവെറ്റ്- 700

ബട്ടർസ്‌കോച്ച് 750 രൂപ