തൊടുപുഴ: 'യഹൂദിയായിലെ ഒരു ഗ്രാമത്തിൽ...' നാടാകെ തിരുപ്പിറവിയുടെ ഈരടികൾ വാനിലുയരുന്നു. ദൈവപുത്രന്റെ ജന്മദിനാഘോഷത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വീണ്ടുമൊരു ക്രിസ്മസ്‌കാലത്തെ വരവേറ്റ് വിപണികൾ ഉദിച്ചുയർന്നു. നക്ഷത്രങ്ങൾ, ക്രിസ്മസ് പാപ്പയുടെ വേഷങ്ങൾ, ക്രിസ്മസ് ട്രീ, വർണപ്പകിട്ടേകാൻ എൽ.ഇ.ഡി നക്ഷത്രങ്ങൾ, ലൈറ്റുകൾ, ക്രിസ്മസ് കാർഡുകൾ, ബലൂണുകൾ, വിവിധ രുചികളിലെ കേക്കുകൾ എന്നുവേണ്ട എല്ലാ ക്രിസ്മസ് ഉത്പന്നങ്ങളുമായി ക്രിസ്മസ് വിപണിയും സജീവമായി. ക്രിസ്മസ് അടുത്തതോടെ ഉത്പന്നങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് വർദ്ധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. വരും ദിവസത്തിനുള്ളിൽ കച്ചവടം കൂടുതൽ സജീവമാകും. പുതുവത്സരം കഴിയുന്നത് വരെ വിപണിയിൽ ഈ ഉഷാറുണ്ടാകുമെന്നാണ് കരുതുന്നത്. ഇനി ദേവാലയങ്ങളിലും സ്‌കൂളുകളിലും കോളേജുകളിലും വിവിധ സ്ഥാപനങ്ങളിലുമെല്ലാം ക്രിസ്മസ് ആഘോഷങ്ങൾ നടക്കാനുണ്ട്. ഇപ്പോൾ വീടുകളിലേയ്ക്കുള്ള കച്ചവടമാണ് പ്രധാനമായും നടക്കുന്നത്. നേരെത്തെ തന്നെ വീടുകളിൽ എല്ലാ വർഷവും പതിവായി നക്ഷത്രങ്ങൾ തൂക്കുന്നവരും മറ്റു വീടുകളിൽ നക്ഷത്രങ്ങൾ തൂക്കുന്നതോടെ തങ്ങളുടെ വീട്ടിലും വേണമെന്ന ചിന്തയിൽ വാങ്ങുന്നവരുമെല്ലാം വരു ദിവസങ്ങളിൽ ക്രിസ്മസ് വിപണികളിൽ എത്തുമെന്നുറപ്പാണ്.
നക്ഷത്ര തിളക്കം
ക്രിസ്മസ് നക്ഷത്രങ്ങളിൽ കഴിഞ്ഞ തവണത്തെ പോലെ എൽ.ഇ.ഡി ബൾബുകൾ ഘടിപ്പിച്ച കടലാസ് നക്ഷത്രങ്ങളാണ് താരം. 300 രൂപയാണ് ഇതിന്റെ വില. 25 രൂപയുടെ ചെറിയ നക്ഷത്രങ്ങൾ മുതൽ 500 രൂപ വിലവരുന്ന ചൈനീസ് നക്ഷത്രങ്ങൾ വരെ വിപണിയിലുണ്ട്. ആവശ്യക്കാർ ഏറെയുള്ള പരമ്പരാഗത വാൽ നക്ഷത്രങ്ങളുടെ എണ്ണത്തിലും ഇത്തവണ കുറവ് വരുത്തിയിട്ടില്ല. പ്ലാസ്റ്റിക്ക് പേപ്പറുകൊണ്ട് നിർമ്മിച്ച വിവിധ വർണത്തിലും വലിപ്പത്തിലുള്ളതുമായ നക്ഷത്രങ്ങളാണ് മറ്റൊരു ആകർഷണം. കഴിഞ്ഞ വർഷം വിപണിയിലെ മിന്നും താരമായിരുന്നു പ്ലാസ്റ്റിക്ക് നക്ഷത്രങ്ങൾ. നക്ഷത്രവിപണിയിൽ കടലാസ് നക്ഷത്രങ്ങളേക്കാളും പ്ലാസ്റ്റിക് കവചമുള്ള നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാരെന്ന് വ്യാപാരികൾ പറയുന്നു.
പൂൽക്കൂടൊരുക്കാം
പുൽക്കൂട്ടിൽ വയ്ക്കുന്ന ഉണ്ണിയേശു ഉൾപ്പടെയുള്ള ഒരു സെറ്റ് പ്രതിമകൾക്ക് 300 രൂപ വരെ വിലയുണ്ട്. വലിപ്പമനുസരിച്ച് ഇവയുടെ വിലയിലും മാറ്റം വരുന്നുണ്ട്. വലിയ സെറ്റിന് 1200 രൂപവരെ വിലയുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ റെഡിമെയ്ഡ് പൂൽക്കൂടിനാണ് ഏറെ ആവശ്യക്കാർ ഉണ്ടായിരുന്നത്. ക്രിസ്മസ് ട്രീകളും വിപണിൽ എത്തിയിട്ടുണ്ട്. 500 മുതൽ 2500 വരെയുള്ള ട്രീകൾ ലഭ്യമാണ്. അലങ്കരിച്ചൊരുക്കിയ ട്രീകളാണ് ക്രിസ്മസ് ട്രീ വിപണിയെ താരം.
കേക്കിന് മധുരം
കേക്കില്ലാതെന്ത് ക്രിസ്മസ്...ആകർഷകമായ കേക്കുകളെല്ലാം ബേക്കറികളിൽ ഒരുങ്ങി കഴിഞ്ഞു. പ്ലം കേക്കുകൾക്ക് 800 ഗ്രാമിന് 200 രൂപ മുതലാണ് വില. ഐസിംഗ് കേക്കുകൾക്ക് കിലോഗ്രാമിന് 400 മുതൽ 600 രൂപ വരെയാണ് വില. ഓർഡർ സ്വീകരിച്ചതിനുശേഷം മണിക്കൂറുകൾ കൊണ്ടു കേക്കുണ്ടാക്കി നൽകുന്ന ബേക്കറികളുമുണ്ട്.
ചീട്ട് കീറാതെ കാർഡ്
മൊബൈൽ ഫോണും സോഷ്യൽമീഡിയകൾ വഴിയുമുള്ള ക്രിസ്മസ് ആശംസകൾ വന്നതോടെ പിൻവാങ്ങിയെങ്കിലും പൂർണമായി കളമൊഴിയാൻ തയ്യാറല്ല ആശംസാ കാർഡുകൾ. പത്ത് രൂപയുടെ ചെറിയ കാർഡു മുതൽ ആയിരം രൂപ വിലമതിക്കുന്ന ആശംസ കാർഡുകളും വിപണിയിൽ ലഭ്യമാണ്.
പാപ്പായാകാം
ക്രിസ്മസ് പാപ്പയുടെ വസ്ത്രങ്ങൾക്ക് 100 രൂപ മുതലാണ് വില. വലിപ്പമനുസരിച്ചും ഗുണനിലവാരം അനുസരിച്ചും വിലയിൽ വ്യത്യാസം വരും.