തൊടുപുഴ: പ്രമുഖ വ്യവസായിയും പ്ലാന്ററുമായിരുന്ന മാന്തളിരുംപാറ എം.എൻ. രവിയുടെ അപ്രതീക്ഷിത വിയോഗം തൊടുപുഴയുടെ വ്യാവസായിക- സാമൂഹിക മേഖലയ്ക്ക് തീരാ നഷ്ടം. മാന്തളിരുംപാറ എം.എസ്. നാരായണന്റെയും ഗൗരിയുടെയും മകനായി ജനിച്ച എം.എൻ. രവി പിതാവിന്റെ പാത പിന്തുടർന്ന് വ്യാവസായികമേഖലയിൽ തന്റെ വ്യക്തിമുദ്രപതിപ്പിച്ചു. തൊടുപുഴയിലെ തന്നെ ആദ്യകാല തടിമില്ലുകളിലൊന്നായ എം.എസ് വളർത്തി പിൽക്കാലത്ത് ശ്രീലങ്കലയിൽ നിന്ന് വരെ തടി ഇറക്കുമതി ചെയ്യാൻ ആരംഭിച്ചു. തൊടുപുഴയിലെ ആദ്യ വെജിറ്റേറിയൻ ഹോട്ടലായ 'വുഡ്‌ലാൻഡ്സ്" നഗരത്തിന്റെ തന്നെ മുഖമുദ്രയായി പിന്നീട് മാറി. ടൗണിലെ രാഷ്ട്രീയക്കാരുടെയെല്ലാം ഇഷ്ടകേന്ദ്രമായിരുന്നു ഇടുക്കി റോഡിലെ ഈ ഹോട്ടൽ. ദീർഘകാലം തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഭരണസമിതി പ്രസിഡന്റായിരുന്ന രവി ക്ഷേത്രത്തിന്റെ വികസനത്തിൽ മുഖ്യപങ്കുവഹിച്ചു. ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ ഡിസ്ട്രിക്ട് ക്യാബിനെറ്റ് അംഗം, തൊടുപുഴ റൈഫിൾ ക്ലബ് ഭരണ സമിതി അംഗം എന്നീ നിലകളിലും സജീവമായിരുന്നു. തന്റെ പ്രവർത്തനമണ്ഡലത്തിനുമപ്പുറം ബന്ധപ്പെടുന്ന എല്ലാവരുമായും വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്ന രവിയെ ഒരു തവണ പരിചയപ്പെട്ടവരാരും മറക്കില്ല.