തൊടുപുഴ: വാഗമൺ ഡി.സി സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി ക്യാമ്പസിലെ മാനേജ്‌മെന്റ് വിദ്യാർത്ഥികൾ 13, 14 തിയതികളിൽ രാജ്യാന്തര കലോത്സവം 'ലൂമിനൻസ്" നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തുടനീളമുള്ള മാനേജ്‌മെന്റ് കലാശാല വിദ്യാർത്ഥികളിൽ നിന്ന് 3,800 വിദ്യാർത്ഥികളും 100 പൂർവ വിദ്യാർത്ഥികളും പങ്കെടുക്കും. 1000 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. വിവിധ മാനേജ്‌മെന്റ് ഗെയിമുകളായ ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്‌മെന്റ് ടീം, മാർക്കറ്റിംഗ് ഗെയിം എന്നിവയ്ക്കു പുറമേ കൊറിയോ ഡാൻസ് മത്സരം, തീം ഷോ എന്നിവയും ഉണ്ടാകും. മത്സര വിജയികൾക്കുള്ള ആകെ സമ്മാനത്തുക നാല് ലക്ഷം രൂപയാണ്. 13ന് രാവിലെ 10ന് ഡി.സി സ്‌കൂൾ മാറ്റിലെ പ്രധാന വേദിയിൽ നടക്കുന്ന ചടങ്ങിൽ നടൻ ആന്റണി വർഗീസ് ഉദ്ഘാടനം ചെയ്യും. 14ന് വൈകിട്ട് ആറിന് സമാപനം. ആർക്കിടെക്ട് പ്രിൻസിപ്പൽ ജോർജ് എബ്രഹാം, ലൂമിനസ് കോ- ഓർഡിനേറ്റർ ഷാരോൺ ലിയു, റിസ്വാൻ ബാബു, മുഹമ്മദ് സഹൽ എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.