തൊടുപുഴ: സംസ്ഥാനത്തെ സ്‌കുളുകളിൽ 27, 28, 29 തീയതികളിൽ തീരുമാനിച്ചിരിക്കുന്ന ഗണിതോൽസവം ക്യാമ്പ് ബഹിഷ്‌കരിക്കുമെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി അറിയിച്ചു. അദ്ധ്യാപക സംഘടനകളുമായി ചർച്ചപോലും ചെയ്യാതെ രാഷ്ട്രീയ സാമ്പത്തിക ലാഭം മാത്രം മുന്നിൽക്കണ്ട് ഞായറാഴ്ചകളിൽ ഉൾപ്പെടെ നടത്തുന്ന ഈ ഗണിതോത്സവ ക്യാമ്പുമായി സഹകരിക്കില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുള്ള ഏതെങ്കിലും ഒരു സ്‌കൂളിൽ നടത്തുന്ന ഈ ക്യാമ്പിൽ മറ്റ് സ്‌കൂളുകളിൽ നിന്നെത്തുന്ന കുട്ടികളെ ക്യാമ്പ് നടക്കുന്ന സ്‌കൂളിലെ കുട്ടികളുടെ വീടുകളിൽ താമസിപ്പിക്കണം എന്ന വിചിത്രമായ നിർദ്ദേശം ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. 6, 7, 8 ക്ലാസിലെ കുട്ടികളെയാണ് ക്യാമ്പിൽ പങ്കെടുപ്പിക്കേണ്ടത്. ജില്ലാ പ്രസിഡന്റ് വി.ഡി. അബ്രഹാം, സെക്രട്ടറി വി.എം. ഫിലിപ്പച്ചൻ, ബിജു ജോസഫ്, കെ.ആർ. ഉണ്ണികൃഷ്ണൻ നായർ, ഷെല്ലി ജോർജ്ജ്, പി.എൻ. സന്തോഷ്, ഷിന്റോ ജോർജ്ജ്, റോയി. ടി. ജോസ്, അനീഷ്‌ ജോർജ്ജ്, പി.എം. നാസർ, ബിജോയി മാത്യു, സജി മാത്യു, ജെയിംസ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.