തൊടുപുഴ: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2019 മാർച്ചിൽ മേരിക്കുളം സെന്റ് മേരീസ് സ്‌കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപികയ്ക്ക് പെൻഷൻ ആനുകൂല്യങ്ങൾ ലഭിച്ചു. കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. മേരിക്കുളം സെന്റ് മേരീസ് യു.പി.എസിലെ അദ്ധ്യാപികയായ പുഷ്പമ്മ ജോസഫിനാണ് പെൻഷൻ ലഭിച്ചത്. ഇപ്പോൾ പ്രിസം എന്ന പേരിലുള്ള സോഫ്‌റ്റ്‌വെയറിന്റെ സഹായത്തോടെയാണ് പെൻഷൻ പ്രൊപ്പോസൽ സമർപ്പിക്കുന്നത്. 2019 ഫെബ്രുവരിയിലാണ് പ്രിസം പദ്ധതി നടപ്പിലാക്കിയത്. പരിശീലനത്തിന്റെ അഭാവത്തിൽ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ കാലതാമസം ഉണ്ടായിട്ടുള്ളതായി ഇടുക്കി ഉപ വിദ്യാഭ്യാസ ഡയറക്ടർ കമ്മീഷനെ അറിയിച്ചു. ഹാർഡ് കോപ്പി സമർപ്പിക്കുമ്പോൾ ഓൺലൈനിലൂടെയും സമർപ്പിക്കണമെന്ന നിർദ്ദേശം ജീവനക്കാരി പാലിച്ചിരുന്നില്ല. ശമ്പളം കണക്കു കൂട്ടിയതിലുണ്ടായ അപാകതകൾ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് തന്നെ എഡിറ്റ് ചെയ്ത് പരിഹരിക്കാവുന്ന സംവിധാനം പ്രിസത്തിൽ ലഭ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം അപാകതകളാണ് കാലതാമസത്തിന് കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നു.