ദേവികുളം: ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിച്ച് അർഹതപ്പെട്ട മുഴുവൻ പേർക്കും പട്ടയം നൽകുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.
നവീകരിച്ച ദേവികുളം താലൂക്ക് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഇരുപതിനായിരത്തോളം പേർക്ക് ഈ സർക്കാർ വന്ന ശേഷം പട്ടയം നൽകി. ഇടുക്കി ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥരിൽ എൺപത് ശതമാനവും ജില്ലയ്ക്ക് പുറത്തുള്ളവരാണ്. ഇവർക്ക് താമസ സൗകര്യങ്ങൾ കുറവായതിനാൽ ഉദ്യോഗസ്ഥരിൽ അധികം പേരും സ്വന്തം നാട്ടിലേക്കും മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റം ആവിശ്യപ്പെട്ട് പോകുന്നതും അവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തത് വിവിധ വകുപ്പുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നതെന്നും. ഇടുക്കി, വയനാട്, കാസർകോഡ് തുടങ്ങിയ പിന്നാക്ക ജില്ലകളിൽ ഉദ്യോഗസ്ഥർ വിവിധ കാരണങ്ങൾ ഉന്നയിച്ച് സ്ഥലമാറ്റം ആവശ്യപ്പെടുന്ന നിലപാട് മാറ്റണമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി എം.എം മണി അദ്ധ്യക്ഷത വഹിച്ചു. പത്തു ചെയിൻ ബെൽറ്റിലും പട്ടയം നൽകാമെന്നാണ് വൈദ്യുതി വകുപ്പിന്റെ തീരുമാനം. നിലവിൽ ഏഴു ചെയിൻ ബെൽറ്റ് വരെ പട്ടയം നൽകിയിട്ടുണ്ട്. സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച് പത്തു ചെയിനിലും പട്ടയം നൽകുമെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. എസ് രാജേന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.
മാങ്കുളം വില്ലേജിലെ 50 പേർക്ക് പട്ടയ വിതരണവും റവന്യൂമന്ത്രി നിർവഹിച്ചു. മാങ്കുളം, മറയൂർ, കാന്തല്ലൂർ, കീഴാന്തൂർ , കെ.ഡി.എച്ച് വില്ലേജുകളിലെ ജീവനക്കാർക്കായി പണി കഴിപ്പിച്ച ക്വാർട്ടേഴ്‌സുകളും മന്ത്രി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സുരേഷ് കുമാർ, മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.കറുപ്പസ്വാമി, ജില്ലാ പഞ്ചായത്തംഗങ്ങളായ എസ്. വിജയ കുമാർ, ബേബി ശക്തിവേൽ, ജില്ലാ കളക്ടർ എച്ച്.ദിനേശൻ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആന്റണി സ്‌കറിയ, ദേവികുളം സബ് കളക്ടർ എസ്.പ്രേം കൃഷ്ണൻ, ആർ.ഡി.ഒ അതുൽ സ്വാമിനാഥ്തുടങ്ങിയവർ സംസാരിച്ചു.
പട്ടയമേള: ഒരുക്കങ്ങൾ വിലയിരുത്തി
ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ ചർച്ച ചെയ്ത് അർഹരായവർക്ക് പട്ടയം അനുവദിക്കുന്നതിന് മൂന്നാർ കെടിഡിസി ടീക്ക് കൗണ്ടിയിൽ പ്രത്യേക അവലോകനം യോഗം ചേർന്നു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ ജില്ലയിലെ ഭൂമി സംബന്ധമായ വിവിധ വിഷയങ്ങൾ പരിശോധിച്ചു. പട്ടയം, കൈവശവകാശം നൽകൽ, നിയമക്കുരുക്കിലുള്ള വസ്തു, കുടിയേറ്റ കർഷകരുടെ ഭൂമി, വനം വകുപ്പുമായി നില നിൽക്കുന്ന തർക്ക ഭൂമി തുടങ്ങിയവ നിയമപരമായി പരിഹരിക്കുന്നതിന് നിയമ വകുപ്പിന്റെ ഉപദേശം തേടും. പരമാവധി ആളുകളുടെ ഭൂമിക്ക് പട്ടയം നൽകുകയാണ് ഈ സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ സാദ്ധ്യതകൾ പരിശോധിച്ച് അർഹരായവർക്ക് സമയബന്ധിതമായി പട്ടയം നൽകുമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു.
നിയമപരമായി നില നിൽക്കുന്ന ചില തടസ്സങ്ങൾ കോടതിയുടെ ശ്രദ്ധയിൽ പെടുത്തും. സർവ്വേ നമ്പരുകളിൽ നിലനിൽക്കുന്ന തെറ്റുകൾ, പട്ടയം നഷ്ടപ്പെട്ടവരുടെ പരാതികൾ പരിഹരിക്കൽ, മൂന്ന് ചെയിൻ പട്ടയത്തിനുള്ള സാധ്യതകൾ, റീ സർവ്വേയിൻ നില നിൽക്കുന്ന പ്രതിസന്ധികൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ പരിശോധിച്ചു. പട്ടയ സംബന്ധമായ വിഷയങ്ങൾ അതിവേഗത്തിലാക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.ജില്ലാ കളക്ടർ എച്ച്. ദിനേശൻ, സബ് കളക്ടർ എസ്.പ്രേം കൃഷ്ണൻ, എ.ഡി.എം ആന്റണി സ്‌കറിയ, ആർ.ഡി. ഒ അതുൽ സ്വാമിനാഥ് ,അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എം.ചന്ദ്രശേഖരൻ നായർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും അവലോകന യോഗത്തിൽ പങ്കെടുത്തു.