ഇടുക്കി: ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന വിദ്യാലയങ്ങളിലെ പ്രശ്‌നങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്സ്യാ പൗലോസ്. സ്‌കൂൾ പ്രിൻസിപ്പൾ, പ്രധാന അദ്ധ്യാപകർ, പിടിഎ പ്രസിഡന്റുമാർ എന്നിവർക്കായി ജില്ലാ പഞ്ചായത്തിൽ വിളിച്ചു ചേർത്ത യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കുഞ്ഞുമോൾ ചാക്കോ അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ വിദ്യാലയ പശ്ചാത്തല വികസനത്തിനായി ചെയ്യേണ്ട പ്രവർത്തനങ്ങളുടെ ആസൂത്രണം ഓരോ ബ്ലോക്ക് പരിധിയിലും വരുന്ന സർക്കാർ സ്‌കൂളുകളിലെ ആവശ്യകതകൾ അതത് തലത്തിലെ ജനപ്രതിനിധികളുമായി ചർച്ച ചെയ്തു നടപ്പാക്കണം.
ചുറ്റുമതിൽ നിർമ്മാണം, കളിക്കളങ്ങളുടെ നിർമ്മാണം, പുതിയ ടോയ്‌ലറ്റ് യൂണിറ്റുകളുടെ നിർമാണം, കമ്പോസ്റ്റിംഗ് സംവിധാനം, മാതൃക മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി, അഴുക്കു വെള്ളം സുരക്ഷിതമായി സംസ്‌കരിക്കുന്നതിനുള്ള സംഭരണത്തിനുള്ള അഴുക്കുചാല് ചാനലുകളുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും, സോക്പിറ്റ് നിർമാണം, കിണർ റീചാർജ് സൗകര്യം, കിച്ചൺ ഷെഡ്ഡുകൾ, ഡൈനിങ് ഹാൾ നിർമ്മാണം, സ്ഥലലഭ്യത ഉള്ള സ്‌കൂളുകളിൽ വൃക്ഷത്തൈകൾ നട്ടു സംരക്ഷിക്കൽ തുടങ്ങിയവയാണ് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് തൊഴിലുറപ്പ് പദ്ധതി വഴി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ലിസ്സമ്മ ,സാജൻ,മനോജ് കുമാർ,ഇൻഫന്റ് തോമസ്, മോളി ഡൊമിനിക്, തൊഴിലുറപ്പ് പദ്ധതി ഐ.ടി വിദഗ്ദൻ പ്രശാന്ത് വി, വിദ്യാഭ്യാസ ഉപ ഡയറക്ടർ മിനി ടി.കെ , ഹയർ സെക്കന്ററി ജില്ലാ കോഓർഡിനേറ്റർ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.