പണിക്കൻകുടി: കൊന്നത്തടി പഞ്ചായത്തിലെ പണിക്കൻകുടി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ഹൈടെക് ആക്കിമാറ്റാൻ മൂന്നു കോടി രൂപ അനുവദിച്ചു. ഈ സാമ്പത്തികവർഷം തന്നെ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ അറിയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഇടുക്കി നിയോജകമണ്ഡലത്തിൽ നിന്ന് നിർദ്ദേശിച്ച മൂന്നുകോടി രൂപയുടെ പദ്ധതിയിൽ ഉൾപ്പെടുന്ന സ്‌കൂളാണിത്. സ്ഥലപരിമിതിയും കെട്ടിടങ്ങളുടെ കാലപ്പഴക്കവും സ്‌കൂളിന്റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. അതിനാൽ ചിതറിക്കിടക്കുന്ന കെട്ടിടങ്ങൾക്കുപകരം ഒരു ബഹുനില മന്ദിരം നിർമ്മിച്ച് അത്യാധുനിക സൗകര്യങ്ങളോടെ സ്‌കൂളിന്റെ പ്രവർത്തനം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്‌കൂളിനെ പദ്ധതിയിൽ ഉൾപ്പെടുത്തിയതെന്ന് എം.എൽ.എ പറഞ്ഞു.

ആദ്യകാല സ്കൂളുകളിലൊന്ന്

1954-ൽ ആരംഭിച്ച ജില്ലയിലെ ആദ്യകാല സ്‌കൂളുകളിലൊന്നാണിത്. 2004-ൽ ഹയർസെക്കൻഡറി വിഭാഗം കൂടി ആരംഭിച്ചു. പ്ലസ്ടു വിഭാഗത്തിൽ മൂന്ന് ബാച്ചുകളാണിവിടുള്ളത്. പ്രൈമറി മുതൽ ഹയർസെക്കൻഡറിവരെ 763 കുട്ടികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 340 കുട്ടികളുമാണിവിടുള്ളത്. സ്‌കൂളിന്റെ പരിമിതമായ സൗകര്യങ്ങളിൽ ആരംഭിച്ച ഹയർസെക്കൻഡറി വിഭാഗത്തിന് വിവിധ ഘട്ടങ്ങളിലായി ക്ലാസ് റൂമുകൾ നിർമ്മിക്കാനായെങ്കിലും ഒരു മികച്ച ഹൈടെക് സ്‌കൂളിനാവശ്യമായ സൗകര്യങ്ങളൊരുക്കാൻ കഴിഞ്ഞിരുന്നില്ല. ക്ലാസ്‌റൂമുകൾ ലാബ്- ലൈബ്രറി സൗകര്യങ്ങൾ സ്റ്റാഫ് റൂം, ആഡിറ്റോറിയം, ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളുള്ള ബഹുനില മന്ദിരമാണ് പുതിയതായി നിർമ്മിക്കുന്നത്. പ്രൈമറിതലം മുതൽ ഹയർ സെക്കണ്ടറിതലംവരെ ഒരു സ്‌കൂൾ വളപ്പുൽതന്നെ ക്രമീകരിക്കാനാകുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ സൗകര്യപ്രദമാണ്. ഇവിടുത്തെ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് മികച്ച കെട്ടിടം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായും എം.എൽ.എ പറഞ്ഞു.