ചെറുതോണി: കട്ടപ്പന ഗവ.ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിന് ഒരു കോടി രൂപയുടെ ഒരു മന്ദിരം കൂടി നിർമ്മിക്കുന്നതിന് നടപടികൾ പൂർത്തിയായതായി റോഷി അഗസ്റ്റിൻ എം.എൽ.എ അറിയിച്ചു. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക. കില മുഖേന നടപ്പിലാക്കുന്ന പദ്ധതിയുടെ മേൽനോട്ടം ജില്ലാ പഞ്ചായത്തിനാണ്. നിർമ്മാണത്തിന്റെ തുടർനടപടികളുടെ ഭാഗമായി അടുത്ത ആഴ്ച എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ സ്‌കൂളിൽ യോഗം ചേരുമെന്നും എസ്റ്റിമേറ്റ് ജനുവരി പകുതിയോടെ പൂർത്തിയാക്കും. മാർച്ച് 31നകം പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ സ്വീകരിക്കാനാകുമെന്നും എം.എൽ.എ പറഞ്ഞു. ഹയർസെക്കൻഡറി വിഭാഗത്തിന് രണ്ട് രൂപ വിനിയോഗിച്ച് കെട്ടിട സൗകര്യങ്ങൾ പൂർത്തിയാക്കിയിരുന്നെങ്കിലും പ്രൈമറി വിഭാഗത്തിന്റെ കെട്ടിടങ്ങൾ കാലപ്പഴക്കം ചെന്നതും അപര്യാപ്തവുമായിരുന്നു. അതിനാൽ പ്രൈമറി വിഭാഗത്തിനുകൂടി പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് തുക അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് എം.എൽ.എ കത്തുനൽകുകയും വിദ്യാഭ്യാസമന്ത്രിയും തദ്ദേശ സ്വയംഭരണവകുപ്പുമന്ത്രിയുമായും ചർച്ച നടത്തുകയും ചെയ്തിരുന്നു. തുർന്നാണ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തുക അനുവദിക്കുന്നതിന് തീരുമാനം എടുത്തത്.