തൊടുപുഴ: കഴിഞ്ഞ ദിവസം അറക്കുളം പഞ്ചായത്തിലെ പാരാ ലീഗൽ വോളണ്ടിയറായ പ്രിൻസി ജോൺ അടക്കം എട്ടംഗ സംഘം പാലക്കാട് ജില്ലയിൽ കുടുംബശ്രീയുടെ കലാമേളയായ അരങ്ങിൽ പങ്കെടുത്തശേഷം തിരികെ തൊടുപുഴ കെ.എസ്.ആർ.ടി.സി താത്കാലിക സ്റ്റാൻഡിലെത്തിയപ്പോൾ പുലർച്ചെ ഒന്നരയായി സമയം. ഇവിടെ നിന്ന് നാട്ടിലേക്ക് പുലർച്ചെ 4.30 നാണ് ഇനി ബസുള്ളത്. അതുവരെ എവിടെ തങ്ങും. ഒന്ന് നേരെ ചൊവ്വേ നിൽക്കാൻ പോലും സ്ഥലമില്ലാത്ത ഈ സ്റ്റാൻഡിൽ എവിടെ മണിക്കൂറുകളോളം വിശ്രമിക്കും. ഒടുവിൽ കടത്തിണ്ണയിൽ ഉറങ്ങാതെ പുലരും വരെ കാത്തിരിക്കേണ്ടി വന്നു. സമാന അനുഭവം തന്നെയാണ് യാത്രക്കാർക്കെല്ലാം പറയാനുള്ളത്. കൊച്ചിയുടെ ഉപനഗരമായി വളരുന്നുവെന്ന് വീമ്പ് പറയുമ്പോഴും രാത്രി വൈകി തൊടുപുഴയിലെത്തുന്ന യാത്രക്കാർക്ക് സ്വസ്ഥമായി ഇരിക്കാൻ ഒരിടം ഈ നഗരത്തിലില്ല. സ്ത്രീകളുടെ കാര്യമാണ് കൂടുതൽ ഇഷ്ടം. എത്രയൊക്കെ മേനി നടിച്ചാലും രാത്രിയിൽ ഒരു നല്ല പൊതുശൗചാലയമോ സുരക്ഷിതമായ ഇരിപ്പിടമോ പോലുമില്ലാത്ത ഈ നഗരം സ്ത്രീകൾക്ക് നരകം തന്നെയാണ്. നിർമാണം പൂർത്തിയാക്കിയ തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോ തുറന്നു നൽകിയാൽ ഒരു പരിധി വരെ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്ന് സ്ത്രീകൾ പറയുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടി ഇവർ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിക്ക് പരാതി നൽകിയിട്ടുണ്ട്. അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും പുതിയ ഡിപ്പോ തുറന്നു നൽകുകയോ അതല്ലെങ്കിൽ താത്കാലിക സ്റ്റാൻഡിൽ സ്ത്രീകളടക്കമുള്ളവർക്ക് വിശ്രമിക്കുന്നതിനും സൗകര്യമൊരുക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് ഇവർ പരാതിയിൽ പറയുന്നു. ചിത്രങ്ങൾ സഹിതമാണ് ഇവർ ലീഗൽ സർവീസ് അതോറിട്ടിക്ക് പരാതി നൽകിയത്.
സ്ത്രീകളുടെ പരാതി ലഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കും.
- ദിനേശ് എം. പിള്ള ( ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി)
എന്ന് തുറക്കും സ്റ്റാൻഡ്
കെ.എസ്.ആർ.ടി.സിയുടെ പുതിയ ഡിപ്പോ നിർമാണത്തിനായി 2012 ലാണ് താത്കാലിക സ്റ്റാൻഡ് പ്രവർത്തിക്കാൻ ലോറി സ്റ്റാൻഡ് വിട്ടു നൽകിയത്. 2015ൽ തിരികെ കൈമാറണമെന്ന വ്യവസ്ഥയിലാണ് ലോറി സ്റ്റാൻഡ് നൽകിയത്. എന്നാൽ, ഏഴു വർഷം പിന്നിട്ടിട്ടും ആധുനിക ഡിപ്പോയുടെ നിർമാണം പൂർത്തികരിച്ച് ഇവിടേക്ക് മാറാൻ കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞിട്ടില്ല. അടുത്തിടെ വ്യാപക പ്രതിഷേധങ്ങളടക്കം നടന്നെങ്കിലും ഉടൻ നിർമാണം പൂർത്തിയാകുമെന്ന പതിവ് മറുപടിയാണ് ലഭിച്ചത്. എന്നാൽ തുടർ നടപടികളുണ്ടാകുന്നില്ലെന്ന് യാത്രക്കാരും ആരോപിക്കുന്നു.