മൂലമറ്റം: കുരുതിക്കളത്ത് ഒന്നാം വളവിൽ വീണ്ടും രൂപപ്പെട്ട അപകടക്കുഴി കുരുതിക്കുളം നവജീവൻ ചാരിറ്റി സൊസൈറ്റി പ്രവർത്തകർ നികത്തി .. ഒരു ജീവൻ കവർന്നെടുക്കുകയും ഒട്ടേറെ ആളുകളെ അപകടത്തിൽ പെടുകയും ചെയ്ത കുരുതിക്കളം ഒന്നാം വളവിലെ മരണക്കുഴിയാണ് വീണ്ടും പ്രത്യക്ഷമായത്. ഒന്നാം വളവിലെ ഈ കുഴിയിൽ മിനി ലോറി ചാടാതെ വെട്ടിച്ചു മാറ്റുന്നതിനിടെയാണ് ലോറി 150 അടി താഴെ കൊക്കയിലേക്ക് വീണ് അപകടത്തിൽ പെട്ടത്. ലോറിയിലെ ഡ്രൈവർ അപകടത്തിൽ പെട്ടു മരിച്ചിരുന്നു. അപകടത്തിൽ ഒരാൾ മരിച്ചതോടെ വെള്ളിയാമറ്റത്തെ ബിജെപി പ്രവർത്തകർ കുഴി കോൺക്രീറ്റ് ചെയ്ത് അടച്ചു. പിന്നീട് അപകടം കാര്യമായി സംഭവിച്ചില്ല. തുടർന്ന് റോഡിലെ കുഴി വീണ്ടും പ്രത്യക്ഷപ്പെടുകയും അപകടം പതിവാകുകയും ചെയ്തു. ചെറുവാഹനങ്ങളാണ് കുഴിയിൽ വീണ് അപകടത്തിൽ പെടുന്നതിൽ ഏറെയും. അധികൃതർ തിരിഞ്ഞ് നോക്കാത്തതിൽ പ്രതിഷേധിച്ചാണ് നവജീവൻ ചാരിറ്റി സൊസൈറ്റി പ്രവർത്തകർ കുഴി കോൺക്രീറ്റ് ചെയ്ത് നികത്തിയത്.