ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ കോലാനിയിൽ പ്രവർത്തിക്കുന്നഫാമിലെ തൊഴിലാളികളുടെ ശമ്പളം അനധികൃതമായി വെട്ടിക്കുറക്കുന്നതായി ആരോപണം -

ഭിന്നശേഷിക്കാരനായ യുവാവിന്റെ ശമ്പളവും വെട്ടിക്കുറച്ചു.

തൊടുപുഴ: പണി തരാം പക്ഷെ കൂലി തരാൻ പറ്റില്ല. മലയാള സിനിമയിലെ കോമഡി സീനിലെ കേട്ട് പഴകിയ ഡയലോഗല്ല ഇത്.ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ കോലാനിയിൽ പ്രവർത്തിക്കുന്ന ജില്ലാ ഫാമിലെ ജോലിക്കാരോടും തൊഴിലാളികളോടും ഫാമിലെ ചില ഉദ്യോഗസ്ഥരുടെ മനോഭാവമാണ്.ജില്ലാ പഞ്ചായത്ത് ഭരണ സമിതിയുടെ ശുപാർശയിലും എംപ്ളോയിമെന്റ് എക്സേഞ്ചിൽ നിന്നും നിയമനം ലഭിച്ച തൊഴിലാളികളോടും ജീവനക്കാരോടുമാണ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നാണ് ആരോപണം.ജില്ലാ പഞ്ചായത്ത് ഭരണ സമിതിയുടെ ശുപാർശയിൽ നിയമനം ലഭിച്ചവർക്ക് ദിവസ വേതനത്തിലും എംപ്ളോയിമെന്റ് എക്സേഞ്ചിൽ നിന്ന് നിയമനം ലഭിച്ചവർക്ക് മാസ ശമ്പളത്തിലും പ്രതിഫലം നൽകും എന്ന വ്യവസ്ഥയിലാണ് ഫാമിൽ ജോലിക്കായി നിയോഗിച്ചത്.എന്നാൽ ഇത്തരത്തിലുളള ജീവനക്കാരുടെ പ്രതിഫലം

സർക്കാർചട്ടങ്ങൾക്കും നിയമങ്ങൾക്കും കടക വിരുദ്ധമായി ഫാമിലെ ചില ഉദ്യോഗസ്ഥർ വെട്ടിക്കുറക്കുന്നതായിട്ടാണ് വ്യാപകമായി ആക്ഷേപം ഉയർന്നിരിക്കുന്നത്.

ഭിന്നശേഷിക്കാരനായ യുവാവിന്റെ ശമ്പളവും വെട്ടിക്കുറച്ചതായി പരാതി.

ഫാമിൽ ഇലക്ട്രീഷ്യനായി പ്രവർത്തിച്ചു വന്നിരുന്ന യുവാവിന്റെ ശമ്പളവും വെട്ടിക്കുറച്ചതായി പരാതി ഉയർന്നു. തൊടുപുഴ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നിന്നാണ് യുവാവിനെ ആറ് മാസത്തെ കാലാവധിയിൽ നിയമിച്ചത്. ഈ യുവാവിന് ഇതേ തസ്തികയിൽ രണ്ട് പ്രാവശ്യമാണ് നിയമനം ലഭിച്ചത്.

ആദ്യ നിയമന കാലാവധി 2017 ഒക്ടോബർ 31 മുതൽ 2018 ഏപ്രിൽ 27 വരെയും രണ്ടാമത്തേത് 2019 ജൂൺ 3 മുതൽ 2019 നവംബർ 28 വരെയുമായിരുന്നു.രണ്ട് പ്രാവശ്യം നിയമനം ലഭിച്ചപ്പോഴും മാസം 18, 000 രൂപ ക്രമത്തിൽ നൽകുമെന്ന് നിയമന ഇത്തരവിൽ പറഞ്ഞിരുന്നതായും പറയുന്നു.ആദ്യ നിയമനത്തിൽ ഓരോ മാസവും ഉത്തരവിൽ പറഞ്ഞിരിക്കുന്ന തുക മുഴുവനായും ലഭിച്ചിരുന്നു. രണ്ടാമത് നിയമനം ലഭിച്ചപ്പോഴാണ് അനധികൃത 'പിടുത്തം ' തുടങ്ങിയത്.ഇത് സംബന്ധിച്ച് യുവാവ് തൊടുപുഴ എംപ്ലോയ്‌മെന്റ് ഓഫീസർ, കളക്ടർ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ്.

"ഈ വിഷയം ശ്രദ്ധയിൽ പെട്ടിരുന്നു. എംപ്ലോയ്‌മെന്റിൽ നിന്ന് നിയമിക്കുമ്പോൾ സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിർബന്ധമായും നൽകണം.യുവാവിനോട് രേഖകളോടെ പരാതി നൽകാൻ അറിയിച്ചിട്ടുണ്ട്."

വിശ്വനാഥൻ,

എംപ്ലോയ്‌മെന്റ് ഓഫീസർ തൊടുപുഴ :-