തൊടുപുഴ: കുടുംബ വഴക്കിനെ തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സഹോദരന്റെയും സഹോദരിയുടെ മകന്റെയും ജാമ്യാപേക്ഷ കോടതി തള്ളി. ഉടുമ്പൻചോല കുളപ്പാറച്ചാൽ മുള്ളൻതണ്ട് മുണ്ടോകണ്ടത്തിൽ ശങ്കരന്റെ മകൻ റെജിമോനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികൾക്ക് തൊടുപുഴ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചത്. റെജിമോന്റെ സഹോദരിയുടെ മകൻ ശ്യാം മോഹൻ, മൂത്ത സഹോദരൻ സജീവൻ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി ശാന്തൻപാറ പൊലീസാണ് കേസെടുത്തത്. 2019 ഒക്ടോബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം. റെജിമോനും പ്രതികളുമായി വർഷങ്ങളോളം സ്വത്തു തർക്കവും കേസുകളും നിലനിന്നിരുന്നു. ദേവികുളം മുൻസിഫ് കോടതിയുടെ ഉത്തരവ് ലംഘിച്ച് റെജിമോന്റെ വീട്ടിലേക്കുള്ള റോഡിന് കുറുകെ പ്രതികൾ ഹോസ് സ്ഥാപിച്ചിരുന്നു. ഇതിന്റെ പേരിൽ ഇരുകൂട്ടരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. കടയിൽ നിന്ന് മടങ്ങുകയായിരുന്ന റെജിമോനെ പ്രതികൾ പതിയിരുന്ന് തലയിലും കഴുത്തിലും വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. റെജിമോന്റെ മരുമകൻ സ്റ്റെബിനും പരിക്കേറ്റിരുന്നു. പ്രതികൾ നിലവിൽ ദേവികുളം സബ് ജയിലിലാണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി. സുനിൽദത്ത് ഹാജരായി.