തൊടുപുഴ: മകൻ മർദ്ദിച്ച് പരിക്കേൽപ്പിച്ച അച്ഛൻ ചികിത്സയിലിരിക്കെ മരിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് തൊടുപുഴ സെഷൻസ് കോടതിയുടെ അനുമതി. മുട്ടം തുടങ്ങനാട് നറത്തറയിൽ ഗോപിനാഥന്റെ മരണം സംബന്ധിച്ചാണ് തുടരന്വേഷണം. ഗോപിനാഥന്റെ മകൻ ഷജിനെ പ്രതിയാക്കി കാഞ്ഞാർ പൊലീസാണ് കുറ്റപത്രം സമർപിച്ചിരുന്നത്. 2016 ഏപ്രിൽ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. ഗോപിനാഥനുമായി വഴക്കിട്ട് ഭാര്യയും മക്കളും നീലൂരിൽ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു. തുടങ്ങനാട്ടിലെ വീട് ശോച്യാവസ്ഥയിലായതിനാൽ സമീപത്തെ ഷെഡിലാണ് ഗോപിനാഥൻ താമസിച്ചിരുന്നത്. സംഭവ ദിവസം വൈകിട്ട് പശുവിന് പുല്ല് കൊടുക്കാൻ ഇവിടെയെത്തിയ ഭാര്യയും ഗോപിനാഥനുമായി വഴക്കുണ്ടായി. ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയായിരുന്നു കലഹം. ഇക്കാര്യമറിഞ്ഞ മകൻ ഷജിൻ രാത്രി എട്ടോടെ ഇവിടെയെത്തി. കട്ടിലിൽ ഇരുന്ന ഗോപിനാഥനെ മർദ്ദിച്ച് വലിച്ച് താഴെയിട്ട് നെഞ്ചിന് ചവിട്ടി പരിക്കേൽപിച്ചെന്നാണ് കേസ്. അവശനായ ഗോപിനാഥനെ നാട്ടുകാർ പിറ്റേന്ന് ആശുപത്രിയിലാക്കി. ചികിത്സയിലിരിക്കെയായിരുന്നു മരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പബ്ലിക് പ്രോസിക്യൂട്ടർ ബി. സുനിൽദത്താണ് പ്രോസിക്യൂഷനു വേണ്ടി ഹാജരാവുന്നത്.