തൊടുപുഴ: രണ്ടാഴ്ച മുമ്പ് പ്ലസ്‌വൺ വിദ്യാർത്ഥിനി ഗോപിക ലാൽ ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞെത്തിയപ്പോഴാണ് വീടിന് മുകളിലേക്ക് എന്തോ വീഴുന്ന വലിയ ശബ്ദം കേട്ട് ഞെട്ടിയത്. നടുക്കം മാറിയപ്പോഴാണ് തിരിച്ചറിഞ്ഞത്, സമീപത്തെ പാറമടയിൽ നിന്ന് പാറകക്ഷണങ്ങൾ വീട്ടിലേക്ക് തെറിച്ചുവീണതാണെന്ന്. വീടിന്റെ ഷീറ്റ് തകർത്ത് വലിയൊരു പാറകഷ്ണം മുറിക്കകത്ത് വീഴുകയായിരുന്നു. ഗോപിക വീട്ടിൽ ഒറ്റയ്ക്കായിരുന്നു. അമ്മ ഗിരിജ കൂലിപ്പണിക്ക് പോയിരുന്നു. അച്ഛൻ വർഷങ്ങൾക്ക് മുമ്പെ മരിച്ചതാണ്. അഞ്ചിരി ഇടിവെട്ടിപ്പാറയിൽ പാറമടയ്ക്ക് സമീപമാണ് കുടുംബം താമസിക്കുന്നത്. പാറചീളുകൾ വീടിന് മുകളിലേക്ക് വീഴാത്ത ദിവസങ്ങളില്ല. പാറപൊട്ടുന്നതിന്റെ പ്രകമ്പനത്താൽ വീടിന്റെ ഭിത്തി മുഴുവൻ വീണ്ടുകീറിയിരിക്കുകയാണ്. പാറമടയുടമയോട് പരാതി പറഞ്ഞുമടുത്തു. ഒടുവിൽ വേറെ വഴിയില്ലാതെ നിർദ്ധനരായ അമ്മയും മകളും ഇവിടെ നിന്ന് കാഞ്ഞിരമറ്റത്ത് വാടകവീട്ടിലേക്ക് താമസം മാറ്റി. ഒന്നോ രണ്ടോ പേരല്ല, ഇടിവെട്ടിപ്പാറയിലെ കുട്ടികളും രോഗികളും വൃദ്ധരുമടങ്ങുന്ന നാല്പതോളം കുടുംബങ്ങൾ അനുഭവിക്കുന്ന ദുരവസ്ഥയാണിത്. പ്രദേശവാസിയായ രാജൻ, സുനിൽ ജോസ്, സനീഷ് എന്നിവരുടെ വീടുകളെല്ലാം അപകടാവസ്ഥയിലാണ്. ഇഞ്ചിയാനി സ്വദേശി ഷിജു തോമസിന്റെ ലൈസൻസിയിൽ പ്രവർത്തിക്കുന്ന മരിയ പാറമടയ്ക്കെതിരെയാണ് നാട്ടുകാരുടെ പരാതി. പാറപൊട്ടിക്കുമ്പോൾ കല്ലുകൾ വീടുകളിലേക്ക് തെറിച്ചു വീഴുന്നതാണ് പ്രധാന പ്രശ്‌നം. പഞ്ചായത്ത് തലം മുതൽ മുഖ്യമന്ത്രിക്ക് വരെ പരാതി നൽകിയിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ല. സഹികെട്ടപ്പോൾ നാട്ടുകാർ പാറകൊണ്ടുപോകുന്ന വണ്ടികൾ തടഞ്ഞു. എന്നാൽ, പൊലീസ് പാറമടക്കാർക്ക് വേണ്ടിയാണ് സംസാരിച്ചതെന്ന് നാട്ടുകാർ പറുന്നു. ഒടുവിൽ അഡ്വ. പ്രവീണിന്റെ നേതൃത്വത്തിൽ ഇവർ ഹൈക്കോടതിയിൽ കേസ് നൽകിയിട്ടുണ്ട്.
പാറ വീഴുന്നത് അരക്കിലോമീറ്റർ അകലെ
മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ വലിയ സ്‌ഫോടനങ്ങൾ നടത്തുന്നതിനാൽ അരക്കിലോമീറ്റർ ദൂരം വരെയാണ് പാറക്കല്ലുകൾ തെറിച്ചുവീഴുന്നത്. പരമാവധി പാറ പൊട്ടിച്ച് കടത്തുന്നതിന് വേണ്ടിയാണ് വലിയതോതിൽ മരുന്നുപയോഗിച്ച് ശക്തമായ സ്ഫോടനം നടത്തുന്നതത്രേ. സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ വാർക്ക വീടുകളുടെ ഭിത്തികളും ടെറസുകളും വരെ വിണ്ടുകീറിയ നിലയിലാണ്.
ഓടുകൾ റെഡി
കല്ലുകൾ തെറിച്ച് വീണ് വീടുകളുടെ ഓട് പൊട്ടുന്നതും അത് മാറുന്നതും പതിവ് സംഭവമാണ്. ഇതിനായി പാറമടയുടമ തന്നെ പുതിയ ഓടുകൾ വാങ്ങി സൂക്ഷിച്ചിട്ടുണ്ടത്രേ. ആരെങ്കിലും ഓട് പൊട്ടിയെന്ന് പരാതി പറഞ്ഞാൽ അപ്പോൾ തന്നെ ഓട് മാറി നൽകും.
ഉദ്യോഗസ്ഥരെല്ലാം ഉടമയ്ക്കൊപ്പം
കളക്ടർക്കും പൊലീസിനും ആലക്കോട് പഞ്ചായത്തിനും ജിയോളജി വകുപ്പിനുമൊക്കെ പരാതി നൽകി. എന്നാൽ യാതൊരു നടപടിയുമെടുത്തില്ല. ജിയോളജിക്കാരും പൊലീസുമൊക്കെ പാറമടക്കാർക്ക് അനുകൂലമായാണ് നിലപാടെടുക്കുന്നതെന്ന് നാട്ടുകാർ പറയുന്നു ഇതാ ചില ഉദാഹരണങ്ങൾ:
1. കഴിഞ്ഞ ദിവസം മൂന്ന് മാസം പ്രായമായ കുട്ടിയുടെ സമീപത്താണ് കല്ല് തെറിച്ചുവീണത്. ഇക്കാര്യം തൊടുപുഴയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞപ്പോൾ പാറപൊട്ടിക്കുമ്പോൾ കുട്ടിയെ വീടിനകത്ത് ഇരുത്തണമെന്നായിരുന്നു മറുപടി.
2. പാറമടയിലുണ്ടായ സ്‌ഫോടനത്തിന്റെ പ്രകമ്പനത്തെ തുടർന്ന് സമീപത്തെ ചാപ്പലിനടുത്തുള്ള പാറ നെടുകെ പിളർന്നിരുന്നു. പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർ പാറ പരിശോധിച്ച ശേഷം പാറ ചൂട് കൊണ്ട് പൊട്ടിയതാണെന്നാണ് കണ്ടെത്തിയത്. തൊട്ടടുത്ത് നിൽക്കുന്ന മരം അപ്പോഴും പൂത്ത് തളിർത്ത് നിൽക്കുന്നുണ്ടായിരുന്നു. ഉദ്യോഗസ്ഥരെത്തിയത് പാറമടയുടമയുടെ കാറിലാണെന്നും നാട്ടുകാർ പറയുന്നു.
3. തിരഞ്ഞെടുപ്പ് ദിവസം നിയമപ്രകാരം ക്വാറികൾ പ്രവർത്തിക്കാൻ പാടില്ല. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാറമട പ്രവർത്തിച്ചു. നാട്ടുകാർ കളക്ടറെ വിളിച്ച് പരാതി പറഞ്ഞെങ്കിലും ആവശ്യത്തിന് ഫോഴ്സില്ലെന്നായിരുന്നു മറുപടി.
സ്ഥലം വാങ്ങാത്തതിലുള്ള ദേഷ്യം
കഴിഞ്ഞ നാല് വർഷമായി എല്ലാവിധ നിയമവും പാലിച്ചാണ് പാറമട പ്രവർത്തിക്കുന്നത്. 250 മീറ്ററിൽ കൂടുതൽ പാറ തെറിക്കുന്നില്ല. പ്രദേശവാസികളിൽ ചിലർ പാറമടയ്ക്ക് സമീപത്തെ അവരുടെ വീടും സ്ഥലവും വാങ്ങണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിരുന്നു. എന്നാൽ പറഞ്ഞ വില കൂടുതലായതിനാൽ വാങ്ങാനായില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് പലർക്കും പരാതി നൽകിയത്. എന്നാൽ എല്ലാവരും അന്വേഷിച്ച് പരാതിയിൽ അടിസ്ഥാനമില്ലെന്ന് കണ്ടെത്തി. പിന്നീട് ഇവർ കോടതിയിൽ നൽകിയ കേസിന് തെളിവുണ്ടാക്കാനാണ് മാദ്ധ്യമങ്ങളെ സമീപിച്ചിരിക്കുന്നത്.
- ഷിജു തോമസ് (പാറമടയുടമ)