ചെറുതോണി: കുരങ്ങും കാട്ടുപന്നിയുമൊക്കെയായി കൃഷിക്കാരുടെ ഉറക്കം കെടുത്തുന്നു. പൈനാവ്, താന്നിക്കണ്ടം, ചെറുതോണി, വാഴത്തോപ്പ്, ഇടുക്കി, മരിയാപുരം, പാണ്ടിപ്പാറ, നാരകക്കാനം, കാൽവരിമൗണ്ട്, തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടുപന്നിയും കുരങ്ങും കൃഷി നശിപ്പിക്കുന്നത്. കാട്ടുപന്നി രാത്രി കാലങ്ങളിലും കുരങ്ങ് പകലുമാണ് കൃഷികൾ നശിപ്പിക്കുന്നത്. ജില്ലാ ആസ്ഥാനത്ത് കുരങ്ങ് കൂട്ടമായയെത്താൻ തുടങ്ങി. ഒരുവർഷത്തോളമായി കുളമാവിനുംഇടുക്കി അണക്കെട്ടിനും സമീപമുള്ള വനത്തിലുമായിരുന്നു കുരങ്ങുകൾ തമ്പടിച്ചിരുന്നത്. വനത്തിൽ പഴവർഗങ്ങൾ കുറഞ്ഞതോടെയാണ് കൃഷി സ്ഥലങ്ങളിലെയ്ക്ക് ഇവ കൂട്ടമായി എത്തിയത്. കൃഷിയിടത്തിലെത്തുന്ന കുരങ്ങുകൾ വാഴക്കുല, തേങ്ങ, കൊക്കോ, തുടങ്ങിയവ നശിപ്പിക്കുക പതിവായി. വാഴക്കുല മൂക്കുന്നതിന് മുൻപ് ഇവ നശിപ്പിക്കുകയുമാണ്. തെങ്ങിൽ കയറുന്ന കുരങ്ങ് തേങ്ങയും കരിക്കും ഇരിഞ്ഞ് താഴെയിടുകയും പൊട്ടിച്ച് തേങ്ങ തിന്നുകയും വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ട്. കൊക്കോ, പഴുത്തത് തിന്നുകയും പച്ച പറിച്ചുകളയുകയുമാണ്. കുഞ്ഞുങ്ങളുമായി കൂട്ടത്തോടെയത്തുന്ന കുരങ്ങുകൾ കൃഷിയിടങ്ങൾ പരിപൂർണാമയി കയ്യടക്കും.. പഴവർഗങ്ങൾ കിട്ടാതെ വരുമ്പോൾ കപ്പ പറിച്ചു തിന്നുകയും ചുവടെ പറിച്ചുകൊണ്ടുപോകുകയാണന്ന് കർഷകർ പറയുന്നു.

കാട്ടുപന്നികൾ വർഷങ്ങളായി കർഷകരുടെ കൃഷി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കാട്ടുപന്നികൾ കൂടുതലായും കപ്പ ചേന ചേമ്പ്, കാച്ചിൽ പച്ചക്കറികൾ, വാഴയെന്നിവ നശിപ്പിക്കുന്നുണ്ട്. ചാണകം കൂടുതലായി ഉപയോഗിക്കുന്ന കൃഷിയിടങ്ങളിൽ മണ്ണിരയെ തിന്നുന്നതിനായി കൃഷിയിടങ്ങളിൽ കുത്തുന്നതുമൂലം കുരുമുളക് ഉൾപ്പെടെയുള്ള കഷികളും നശിപ്പിക്കുയും കാട്ടുപന്നികൾ കൂടുതലും കൂട്ടമായെത്തി കൃഷിയിടം നശിപ്പിക്കുകയുമാണ്. കാട്ടുമൃഗങ്ങളെ കൊല്ലാൻ നിയമമനുവദിക്കുന്നില്ല. ഇവയെ പിടിക്കുകയോ കൊല്ലുകയോ ചെയ്താൽ ജാമ്യം കിട്ടാത്ത വകുപ്പുപയോഗിച്ച് കേസെടുക്കും. അതിനാൽ ആരും കാട്ടുമൃഗങ്ങളെ ഉപദ്രവിക്കാറില്ല. ഇപ്പോൾ മലയണ്ണാനും കൃഷിയിങ്ങളിലിറങ്ങി വിളവുകൾ നശിപ്പിക്കുന്നുണ്ട്. കുരുമുളകുൾപ്പെടെ എല്ലാകാർഷിക ഉത്പന്നങ്ങൾക്കും വിലകുറവാണ്. കുരുമുളകിന് 850 രൂപ വരെ വില ലഭിച്ചിട്ടുണ്ട് ഇപ്പോൾ 320 രൂപ മാത്രമേയുള്ളൂ. പണിക്കൂലിപോലും കർഷകന് ലഭിക്കുന്നില്ല. ഇതിനിടയിലാണ് ഇപ്പോൾ വന്യമൃഗങ്ങളുടെ ശല്യം വർദ്ധിച്ചിരിക്കുന്നത്. പച്ചക്കപ്പയ്ക്ക് ന്യായവില ലഭിക്കുന്നത് കർഷകർക്ക് ആശ്വാസമാണ്. ഇപ്പോൾ പന്നിയും കുരങ്ങും കൃഷികൾ നശിപ്പിക്കാൻ തുടങ്ങിയതോടെ കർഷകർ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. കപ്പതോട്ടം സംരക്ഷിക്കുന്നതിനായി കർഷകർ രാത്രികാലങ്ങളിൽ ഇല്യുമനേഷൻ ലൈറ്റുകൾ ഇടുകയാണ്. ലൈറ്റിന്റെ വെട്ടം കാണുമ്പോഴും നായ്ക്കൾ കുരയ്ക്കുമ്പോഴും പന്നികൾ കൃഷിസ്ഥലങ്ങളിൽ എത്താറില്ല. എല്ലാ ദിവസവും ലൈറ്റിടുന്നതുമൂം വൈദ്യുതി ചാർജ് കൂടുതലായി അടയ്‌ക്കേണ്ടാതായി വരുന്നു. ഇതും കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കുരങ്ങും പന്നിയും കൂടാതെ കേഴയും മ്ലാവും കൃഷിയിടത്തിലിറങ്ങുന്നുണ്ട്. വന്യമൃഗങ്ങളുടെ ശല്യം മൂലം കൃഷിനശിക്കുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് അർഹതയുണ്ടെങ്കിലും നാമമാത്രമായ തുകയാണനുവദിക്കുന്നത്. ഇത് പലപ്പോഴും നൽകാറുമില്ല. കാട്ടുമൃഗങ്ങൾ കൂടുതലായി നാട്ടിലിറങ്ങന്നതുമൂലം ചെള്ളിന്റേയും നൂൽപുഴുവിന്റേയും ഉപദ്രവം ഏറി.