ഇടുക്കി : ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് നിയമപരിധിക്കുള്ളിൽ നിന്നു കൊണ്ടു തന്നെ അതിവേഗ പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ . കട്ടപ്പന മിനി സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനം നിർവ്വഹിച്ച്സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ പലതും സങ്കീർണ്ണത നിറഞ്ഞതും കോടതിയുമായി ബന്ധപ്പെട്ടതുമാണ്. അതു കൊണ്ടു തന്നെ കോടതി വിധിയെ മാനിക്കാതെ തുടർ നടപടികൾ സ്വീകരിക്കാനാകില്ല. സർക്കാർ തലത്തിലും വകുപ്പുതലത്തിലും പരിഹരിക്കാൻ കഴിയുന്ന വിഷയങ്ങൾ അതിവേഗത്തിൽ പരിഹരിച്ചു വരുന്നു. ഷോപ്പ് സൈറ്റുകൾ പതിച്ചുനല്കുവാൻ നിലവിൽ നിയമ വ്യവസ്ഥയില്ലെങ്കിലും സർക്കാർ തലത്തിൽ ആലോചന നടത്തി ഉചിതമായ തീരുമാനമെടുക്കും.
മിനി സിവിൽ സ്റ്റേഷന്റെ മുകൾ നിലകളുടെ നിർമ്മാണത്തിനായി ഫണ്ട് ലഭ്യമാക്കുന്നതിന് വരുന്ന ബജറ്റിൽ പരിഗണിക്കുന്നത് ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. മന്ത്രി എം.എം.മണി അദ്ധ്യക്ഷത വഹിച്ചു. റോഷി അഗസ്റ്റ്യൻ എം.എൽ.എ സ്വാഗതവും ജില്ലാ കലക്ടർ എച്ച്.ദിനേശൻ നന്ദിയും പറഞ്ഞു. മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിനായി 90 സെന്റ് സ്ഥലം സൗജന്യമായി നല്കിയ ആഗസ്തി മത്തായി പൂതക്കുഴിയെ ഉദ്ഘാടന വേദിയിൽ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ ആദരിച്ചു.കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യ പ്രഭാഷണം നടത്തി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി, നഗരസഭാ വൈസ് ചെയർപേഴ്സൺ ലൂസി ജോയി, കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ശശി, കട്ടപ്പന നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ, കൗൺസിലർമാർ, പിഡബ്ലു ഡി ബിൽഡിംഗ് ഇടുക്കി എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.കെ.രമ , കെ.കെ.ശിവരാമൻ, ജോസ് പാലത്തിനാൽ, കെ.എം.തോമസ്, അനിൽ കൂവപ്ലാക്കൽ, വി.ആർ.സജി, ടി.ജെ.ജേക്കബ്, ഷാജി നെല്ലിപ്പറമ്പിൽ, സാജു പട്ടരുമഠം, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.