rosamma

കട്ടപ്പന: ഭർത്താവും മകളും പുറത്തുപോയ സമയത്ത് വീടിനുള്ളിൽ തീപിടിച്ച് വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. ഇടുക്കി എട്ടാംമൈൽ കുളങ്ങര ജോർജിന്റെ ഭാര്യ റോസമ്മ(58) യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. ഭർത്താവ് ജോർജും മകളും രാവിലെ കട്ടപ്പനയിൽ പോയിരുന്നു. ഉച്ചയോടെ ഇരുവരും തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ടത്. ഉടൻ വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയപ്പോൾ റോസമ്മയെ മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിൽ നിന്നും പുകയുയരുന്നത് നാട്ടുകാർ കണ്ടിരുന്നെങ്കിലും ഇവരുടെ ഏലക്കാ സ്റ്റോറിൽ നിന്നുള്ള പുകയാണെന്നാണ് കരുതിയത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ മൃതദ്ദേഹംകിടന കിടപ്പുമുറിയിൽ പാചക വാതക സിലിണ്ടർ ഉൾപ്പെടെയുള്ളവ കണ്ടെത്തിയതിനാൽ മരണത്തിൽ അസ്വാഭാവികതയും സംശയിക്കുന്നുണ്ട്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുത്തു. തങ്കമണി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്. മക്കൾ: അനില, അനിറ്റ, അൻസു, ആൽബിൻ, അനു. മരുമക്കൾ: ബിബിൻ തയ്യിൽ, സിജോ ചവർനാലിൽ.