കട്ടപ്പന: ചെറുകിട പഴം പച്ചക്കറി കർഷകർക്ക് ലഭിക്കാനുള്ള ഒരുകോടി 97 ലക്ഷം രൂപ തടഞ്ഞ് വച്ചിരിക്കുന്ന അടിമാലി വി.എഫ്.പി.സി.കെ ജില്ലാ ജനറൽ മാനേജരുടെ നടപടിയിൽ പ്രതിക്ഷേധിച്ച് കർഷകർ 20ന് രാവിലെ 10.30 ന് അടിമാലി ഹെഡ് പോസ്റ്റോഫീസ് പടിക്കൽ കൂട്ട ധർണ നടത്തും . പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് കർഷകർക്ക് സ്റ്റേറ്റ് ഹോർട്ടി കൾച്ചറൽ മിഷന്റെ പ്രത്യേക പദ്ധതിയിൽപ്പെടുത്തി അനുവദിച്ച ഫണ്ടാണ് ജനറൽ മാനേജരുടെ അനാസ്ഥമൂലം കർഷകർക്ക് കിട്ടാതെ പോയത്. സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന 19 സ്വാശ്രയ കർഷക വിപണിയിൽപ്പെട്ട ആയിരക്കണക്കിന് കർഷകരാണ് ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. നല്ല വില ലഭിക്കുമെന്നുള്ള വി.എഫ്.പി.സി.കെയുടെ നിർദ്ദേശ പ്രകാരം പഴവും പച്ചക്കറികളും പയറു വർഗ്ഗങ്ങളും തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ അംഗീകൃത മാർക്കറ്റുകളിൽ വിറ്റതിന്റെ വില പോലും ഒരു വർഷം കഴിഞ്ഞിട്ടും കർഷകർക്കും ലഭിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് സമരത്തിനുള്ള നോട്ടീസ് ഇന്ന് അടിമാലി ഹെഡ് ഓഫീസിൽ കർഷക പ്രതിനിധികൾ നൽകിയത്. യോഗത്തിൽ ചെറുകിട കർഷക ഫെഡറേഷൻ പ്രസിഡന്റ് വൈ.സി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ടോമി തെങ്ങുംപള്ളിയിൽ, രാജേന്ദ്രൻ മാരിയിൽ, പി.വി എബ്രാഹം എന്നിവർ പ്രസംഗിച്ചു.