ചെറുതോണി: പഠനബോധന പ്രവർത്തനങ്ങൾ സർഗാത്മകമാക്കുന്നതിനും നൂതനങ്ങളായ വിദ്യാഭ്യാസ പരിപാടികൾ ഏറ്റെടുത്തു നടപ്പാക്കുന്നതിനുമായുള്ള സർഗവിദ്യാലയം പദ്ധതിക്ക് പൈനാവ് ഗവ യു.പി. സ്‌കൂളിൽ തുടക്കമായി. സമഗ്രശിക്ഷ കേരളം, അറക്കുളം ബി.ആർ.സി യുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കുട്ടികളിൽ മാതൃഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനും സർഗാത്മക സൃഷ്ടികൾ രൂപപ്പെടുത്തുന്നതിനുള്ള പ്രേരണ നൽകുക എന്നതുമാണ് അക്ഷരത്തോണി എന്ന പേരിലുള്ള ഈ പദ്ധതിയുടെ ലക്ഷ്യം. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം അമ്മിണി ജോസ് ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് എ അഭിലാഷ് അധ്യക്ഷത വഹിച്ചു. അക്ഷരദീപം തെളിയിക്കൽ ചടങ്ങ് അറക്കുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ.വി രാജു നിർവ്വഹിച്ചു. അക്ഷരത്തോണിയുടെ പ്രവർത്തനം ബ്ലോക്ക് പ്രോഗ്രാം ഓഫീസർ മുരുകൻ വി അയത്തിൽ ഉദ്ഘാടനം ചെയ്തു. സ്‌ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലത കെ, എസ്.എം.സി ചെയർമാൻ കെ ഇ മനോജ്, ജയൻ ബാബു, രാജീവ് പി.ആർ, രാജിമോൾ കെ ആർ എന്നിവർ പ്രസംഗിച്ചു.