തൊടുപുഴ: ആറു വർഷം പഴക്കമുള്ള മോഡലാണ്. പക്ഷേ പിക്കപ്പിന് കുഴപ്പമില്ല. ഒട്ടോ ഡ്രൈവ്. മണിക്കൂറിൽ 80 കി. മീറ്റർ വരെ കിട്ടും. ഇതിലും വലിയ അട്രാക്ഷൻ ഇന്ധന വിശേഷമാണ്. പെട്രോളോ ഡീസലോ വേണ്ട. വെറും പച്ചവെള്ളത്തിൽ കുതിക്കും. പിന്നെ, കുറച്ച് തവിടും! ഹെൽമറ്റോ? ഒാടിക്കാൻ അറിയാമെങ്കിൽ വേണ്ടേ വേണ്ട. പൊലീസ് പിടിക്കില്ല.
തൊടുപുഴ കാർഷിക വികസന സൊസൈറ്റിയുടെ (കാഡ്സ്) കാളച്ചന്തയിൽ ഇന്ന് താരമാവുക കാളകളല്ല, കുതിരകളായിരിക്കും! അഞ്ചെണ്ണമുണ്ട്. കേരളത്തിൽ ആദ്യമായാണ് കുതിരകളെ ചന്തയിൽ വില്പനയ്ക്ക് എത്തിക്കുന്നതെന്ന് സംഘാടകർ പറയുന്നു. സ്കൂട്ടറിന്റെ വില പോലും വരില്ല, ഈ 'സുന്ദരൻ ഫോർ വീലറുകൾ'ക്ക്! വെറും 45,000 മുതൽ 65,000 വരെ. മാർക്കറ്റ് ടൈം രാവിലെ 6.30 മുതൽ 10 വരെ.
മൈസൂരിൽ റെയ്സിംഗിൽ പിന്നിലാകുന്ന കുതിരകൾ ക്ലബുകൾക്ക് ബാദ്ധ്യതയാകുമ്പോൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതാണ് പതിവ്. നാലു മുതൽ ആറു വയസ് വരെയുള്ള കുതിരകളാണ് ഇങ്ങനെ പിന്നിലായിപ്പോകാറ്. രോഗമൊന്നും ഉണ്ടാകില്ലെങ്കിലും പന്തയങ്ങൾക്കു പറ്റില്ല. ഡോക്ടറുടെ ഹെൽത്ത് സർട്ടിഫിക്കറ്രുണ്ട്. റെയ്സിംഗിന് ഉപയോഗിച്ചിരുന്നതുകൊണ്ട് കുതിരകൾക്കെല്ലാം പാസ്പോർട്ടുമുണ്ട്. ഇംഗ്ലീഷ് ബ്രീഡ്, മാർവാരി, കാട്പാടി എന്നിങ്ങനെയാണ് ഇനങ്ങൾ.
കുതിരയുടെ തീറ്റയെക്കുറിച്ച് പിടിയില്ലാത്തവർക്കായി റിയാസിന്റെ ടിപ്സ് ഇങ്ങനെ: മുതിര മാത്രമല്ല കുതിരഭക്ഷണം. റെയ്സിംഗിന് എത്തിക്കുന്നവയ്ക്ക് ഉശിരും ശക്തിയും കിട്ടാനാണ് മുതിര നൽകുക. അല്ലാത്തവയ്ക്ക് ധാന്യങ്ങളുടെ തവിടും പുല്ലും പച്ചവെള്ളവും മതി. പരിപാലന ചെലവ് ദിവസം 200 രൂപയിൽ താഴെ.