കട്ടപ്പന: വീടിനുള്ളിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വീട്ടമ്മയുടെ വയറ്റിൽ ടർപ്പന്റയിൻ പോലുള്ള രാസവസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഇടുക്കി എട്ടാംമൈൽ കുളങ്ങര ജോർജിന്റെ ഭാര്യ റോസമ്മ(58) യാണ് ചൊവ്വാഴ്ച്ച മരിച്ചത്. മൃതദേഹം കണ്ടെത്തിയ മുറിയിൽ നിന്നും പാചക വാതക സിലിണ്ടറും മറ്റും കണ്ടെത്തിയ സാഹചര്യത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് റോസമ്മയുടെ വയറ്റിൽ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. വീട്ടിൽ പരിശോധന നടത്തിയ ഫോറൻസിക് സംഘം സിലിണ്ടറിൽ തീ പടർന്നതായി കണ്ടെത്തിയിട്ടുണ്ട്. വിഷം കഴിച്ചശേഷം റോസമ്മ സിലിണ്ടറിൽ നിന്നു പാചകവാതകം തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഭർത്താവും മകളും കട്ടപ്പനയിലേക്ക് പോയ സമയത്തായിരുന്നു സംഭവം. ഇവർ തിരികെയെത്തിയപ്പോൾ വീടിനു തീ പടർന്നിരുന്നു. കുറച്ചു കാലമായി റോസമ്മ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും പൊലീസ് പറഞ്ഞു. സംസ്‌കാരം നടത്തി.