തൊടുപുഴ: പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്ന് നിരോധിത പാൻ ഉത്പന്നങ്ങൾ പിടികൂടി. പട്ടയംകവലയിൽ പ്രവർത്തിക്കുന്ന ചൂരത്തൊട്ടിയിൽ ഷീനിന്റെ ഉടമസ്ഥതയിലുള്ള കടയിൽ നിന്ന് 32 പായ്ക്കറ്റ് പാൻമസാല പിടിച്ചെടുത്തു. മുതലക്കോടം മാവിൻചുവട് മുഹമ്മദ് ഇർഫാന്റെ (കാളകുത്തൻ മനോജ്) വീട്ടിൽ നിന്ന് 15 പായ്ക്കറ്റ് പാൻ ഉൽപ്പന്നങ്ങളാണ് എസ്‌.ഐ എം.പി സാഗറിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. ഇവിടെ വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന നടത്തിയത്. നേരത്തെ വീട്ടിൽ വൻതോതിൽ പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചതിന് പൊലീസ് കേസെടുത്തിരുന്നു. രണ്ടു കേസുകളിലും പ്രതികളെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.