ഇനി ഞാനൊഴുകട്ടെ 14 മുതൽ 22വരെ ജില്ലയിൽ
തൊടുപുഴ: ഹരിതകേരളം മിഷന്റെ പുഴ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ച 'ഇനി ഞാനൊഴുകട്ടെ" എന്ന പരിപാടിയിലൂടെ ജനകീയ വീണ്ടെടുക്കലിന് തയ്യാറെടുക്കുന്നത് ജില്ലയിലെ 49 നീർച്ചാലുകൾ. 14 മുതൽ 22 വരെയാണ് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പുഴകളെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി അതിന്റെ നീർച്ചാലുകളുടെ ഒഴുക്ക് സുഗമമാക്കുന്നത്. കട്ടപ്പന നഗരസഭയിൽ ഉൾപ്പെടെ 45 തദ്ദേശഭരണസ്ഥാപനങ്ങളാണ് ഇനി ഞാനൊഴുകട്ടെ പരിപാടിയുടെ ഭാഗമാകുന്നത്. ഇടുക്കി, കട്ടപ്പന, അടിമാലി, അഴുത ബ്ലോക്കുകളിലെ എല്ലാ പഞ്ചായത്തുകളും ഈ ജനകീയ കൂട്ടായ്മയിൽ ഒത്തു ചേർന്നിട്ടുണ്ട്. കരുണാപുരം പഞ്ചായത്തൊഴികെയുള്ള നെടുങ്കണ്ടം ബ്ലോക്കിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും തൊടുപുഴ ബ്ലോക്കിലെ കരിങ്കുന്നം, ഇളംദേശം ബ്ലോക്കിലെ വണ്ണപ്പുറം ഒഴികെയുള്ള പഞ്ചായത്തുകളും പരിപാടി സംഘടിപ്പിക്കുന്നുണ്ട്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, തൊഴിലുറപ്പ്, റെസിഡൻസ് അസോസിയേഷനുകൾ, ക്ലബുകൾ, യുവജനസന്നദ്ധസംഘടനകൾ, രാഷ്ട്രീയപ്പാർട്ടികൾ തുടങ്ങിയവയെയെല്ലാം കോർത്തിണക്കി ജനപ്രതിനിധികളുടെ നേതൃത്വത്തിലാകും പരിപാടികൾ സംഘടിപ്പിക്കുക. ഇന്നലെ കളക്ടറേറ്റ് കോൺഫ്രറൻസ് ഹാളിൽ ചേർന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം പരിപാടിയുടെ നടത്തിപ്പ് വിലയിരുത്തി.
പുഴയുടെ പ്റശ്നങ്ങൾ
മലിനജലം ഒഴുക്കിവിടൽ, മാലിന്യങ്ങൾ നിക്ഷേപിക്കൽ, വെള്ളപ്പൊക്കം, കൈയേറ്റം തുടങ്ങിയവയാണ് പുഴകൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ.
പദ്ധതിയുടെ ലക്ഷ്യം
ഭാവി തലമുറയ്ക്ക് വേണ്ടി പുഴകളേയും അവയുടെ നീർച്ചാലുകളെയും നിലനിറുത്തി സംരക്ഷിക്കുകയെന്നത് ജനകീയ ദൗത്യമായി മാറ്റുക എന്നതാണ് ഇനി ഞാനൊഴുകട്ടെ എന്ന മുദ്രാവാക്യത്തിലൂടെ ലക്ഷ്യമിടുന്നത്. പുഴയുടെ ഇടം പൂർണമായും പുഴയ്ക്ക് വിട്ടുകൊടുത്തുകൊണ്ട് ഒഴുക്ക് സുഗമമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അതിന് തുടക്കമിടലും തുടർന്നുള്ള ജനകീയ പ്രവർത്തനങ്ങളുമാണ് തദ്ദേശ സ്ഥാപനങ്ങൾ ആസൂത്രണം ചെയ്യുക.
ശുചീകരിക്കുന്ന നീർച്ചാലുകൾ
ദേവിയാർ, പാറത്തോട് മുക്കുടം പണിക്കൻകുടി തോട്, ഉപ്പാർതോട്, മുതിരപ്പുഴയാർ, കല്ലാർ പുഴ, പന്നിയാർ, മുത്തുമ്മ കോളനി, പാലാർ, ആശാൻപടി തോട്, മാങ്ങാത്തൊട്ടി നീർച്ചാൽ, പഴയവിടുതി തോട്, പാറത്തോട് നീർച്ചാൽ, കുംഭപ്പാറ തോട്, മഞ്ഞക്കുഴി തോട്, വടക്കനാർ, കൊല്ലപ്പുഴ തോട്, ഉടുമ്പന്നൂർ ഇടമറുക് തോട്, വലിയതോട്, വടക്കനാർ, കരിമണ്ണൂർ തോട്, താന്നിക്കൽ തോട്, പെരിയാർ വാലി പുഴ, നച്ചാർ, പാറക്കടവ് തങ്കമണി തോട്, പാൽക്കുളംമേട് തോട്, ചട്ടിക്കുഴി തോട്, കൈതപ്പതാലാറ്, ആലംപ്പള്ളിയാർ, ആമയാർ തോട്, മുരിക്കാട്ടുപടി തോട്, ഉപ്പുകണ്ടം അയ്യാമല തോട്, കരക്കാട്ടുപടി കുമരുവിക്കാട്ടുപാറ തോട്, വലിയതോട്, പരപ്പാൻ തോട്, ചാലംകോട് തോട്, പെരിയാമ്പ്ര മണ്ണാൻചേരി തോട്, മൂഴിക്കൽക്കാവ് തോട്, പുതുപെരിയാരം ചുണ്ടനാട്ടുപാടം തോട്, ഇരുട്ട്‌തോട്, മാറിക തോട് അഴുതയാർ, സ്പ്രിംഗ് വാലി തോട്, റോസാപ്പുങ്കണ്ടം തോട്, പുല്ലക്കയാർ, അഴുതയാർ, ഏലപ്പാറ തോട്, വാളാടിത്തോട്, ശാന്തിപ്പടി അസീസി ആശ്രമം തോട്