കട്ടപ്പന: വാഴവരയിൽ പുലിയെ കണ്ടതായുള്ള അഭ്യൂഹത്തെത്തുടർന്ന് നാട്ടുകാർ പരിഭ്രാന്തരായി. വാഴവര പരുത്തികുന്നേൽപടി ഭാഗത്താണ് പുലിയെ കണ്ടതായി പ്രചരണമുണ്ടായത്. ഇന്നലെ രാവിലെ അഞ്ചിന് ഇതുവഴി പോയ ലോറി ഡ്രൈവർ മലപ്പുറം സ്വദേശി പ്രദീപാണ് റോഡിൽ പുലിയെ കണ്ടത്. ഇദ്ദേഹം നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് പ്രദേശവാസികൾ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പിന്നീട് വനംവകുപ്പും പൊലീസും സ്ഥലത്തെത്തി തെരച്ചിൽ നടത്തി.പുലിയെ കണ്ടെന്നുകരുതുന്ന പ്രദേശത്തെ കാൽപാടുകൾ പരിശോധിച്ചുവരികയാണെന്ന് വനപാലകർ!അറിയിച്ചു. കഴിഞ്ഞ ദിവസം കുമളി റോസാപ്പൂക്കണ്ടത്ത് പ്രദേശവാസികൾ കരടിയെ കണ്ടിരുന്നു.