pakalveedu

ചെറുതോണി : കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന പകൽ വീട് മാതൃകയാകുന്നു. ഇടുക്കി ജില്ലയിൽ രണ്ട് പകൽ വീടുകളാണ് പ്രവർത്തിക്കുന്നത്. പുരുഷന്മാർക്കായി കഞ്ഞിക്കുഴിയിലും സ്ത്രീകൾക്കായി അറക്കുളത്തുമാണ് പകൽവീടുകളുള്ളത്. കേന്ദ്രഗവൺമെന്റ് എൻ.എച്ച്.എം പദ്ധതിയിലൂടെ നൽകുന്ന ഗ്രാന്റുപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. സെന്റർ പ്രവർത്തിക്കുന്നതിന് ആവശ്യാമയ കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഗ്രാമ പഞ്ചായത്താണ് നൽകുന്നത്. ഭിന്നശേഷിക്കാരായ ആളുകൾക്ക് വീടുകളിൽ മതിയായ പരിചരണം നൽകാൻ കഴിയാത്തവരെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. രാവിലെ ഇവരുടെ വീടുകളിലെത്തി വാഹനത്തിൽ സെന്ററിലേയ്ക്ക് കൂട്ടികൊണ്ടുവരും. മൂന്നുനേരം ആഹാരവും ആവശ്യമായ മെഡിക്കൽ സൗകര്യവും സൗജന്യമായി നൽകും. ഇവർക്ക്വിനോദത്തിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴിലധിഷ്ഠിത പദ്ധതിയിലൂടെ ഇത്തരക്കാർക്ക് കവർ നിർമാണം, സോപ്പ് നിർമാണം, സോപ്പുപൊടി നിർമാണം, മെഴുകുതിരി നിർമാണം, ലേഹ്യം ഉണ്ടാക്കുക, തുടങ്ങിയ ജോലികളിൽ പരിശീലനം നൽകും. പരിശീലനം ലഭിച്ചവർ സ്വയം തൊഴിൽ പദ്ധതിയിലൂടെ സ്വന്തം ഉപജീവന മാർഗം കണ്ടെത്തിയവരും കഞ്ഞിക്കുഴി പഞ്ചായത്തിലുണ്ട്. ഭിന്നശേഷിക്കാരായ ഇവരിൽ കാലാവാസനയുള്ളവരെ പ്രോത്സാഹിപ്പിക്കാനും ജീവനക്കാർ സമയം കണ്ടെത്തുന്നുണ്ട്. കഞ്ഞിക്കുഴി സെന്ററിലുള്ള കണ്ണൻ(22)ന് കലാപരമായ കഴിവുകളുണ്ടെന്ന് ജീവനക്കാർ പറയുന്നു. ചെറിയ രീതിയിൽ പാട്ടുപാടുകയും സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരുടെ ആംഗ്യങ്ങൾ മിമിക്രിയിലൂടെ അവതരിപ്പിക്കുന്നതു കാണാൻ എല്ലാവരും ഒത്തുകൂടും. കൂടുതൽ പ്രോത്സാഹനം നൽകിയാൽ കണ്ണൻ നല്ല കലാകാരനാകുമെന്ന് ജീവനക്കാർ പറയുന്നു. പകൽ വീടുകളിൽ പ്രവേശിപ്പിക്കുന്നവർക്ക് യോഗ പരിശീലനവും നൽകുന്നുണ്ട്. കഞ്ഞിക്കുഴിയിൽ പതിനെട്ടും അറക്കുളത്ത ഇരുപതുപേരുമാണ് സെന്ററിലുള്ളത്. കഞ്ഞിക്കുഴി പഞ്ചായത്തിൽ ഭിന്നശേഷിക്കാരായിട്ടുള്ള മുഴുവൻ പേരെയും പകൽ വീട്ടിലെത്തിച്ച് ആവശ്യമായ പരിചരണം നൽകുമെന്ന് പ്രസിഡന്റ് രാജേശ്വരി രാജൻ വൈസ് പ്രസിഡന്റ് ജോസ് ഊരക്കാട്ടിൽ എന്നിവർ പറഞ്ഞു.