ചെറുതോണി: ട്രഷറി നിയന്ത്രണം മൂലം പദ്ധതികൾ പൂർത്തിയാക്കാനും ഫണ്ട് ചെലവഴിക്കാനും കഴിയുന്നില്ലന്ന് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജൻ പറഞ്ഞു. പഞ്ചായത്തിൽ ഇതുവരെ 37 ശതമാനം ഫണ്ട് മാത്രമേ ചെലവഴിച്ചിട്ടുള്ളൂ. നിർമാണം പൂർത്തിയായ പദ്ധതികളുടെ ബില്ലുകൾ നൽകിയെങ്കിലും ട്രഷറിയിൽ നിന്നും പാസാക്കിയിട്ടില്ല. നിലവിൽ നൽകിയിരിക്കുന്ന ബില്ലുകൾ പാസായാൽ അൻപത് ശതമാനം തുകയുടെ പദ്ധതികൾ പൂർത്തിയാകും. ഇനിയും മൂന്നു മാസംമാത്രമേ സാമ്പത്തിക വർഷം കഴിയാൻ ബാക്കിയുള്ളൂ. ബില്ലുകൾ പാസാകാതെ വന്നാൽ ഇനിയുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയുകയില്ല. ഇപ്പോൾ പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ നന്നാക്കുന്നതിന് മെറ്റലും മണലും ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികൾ ലഭിക്കാത്തതും അമിത വില മൂലവും കരാറുകാർ നിർമാണമേറ്റെടുക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. റോഡുകൾ നന്നാക്കാത്തതിൽ പല ഗ്രാമീണ റോഡുകളും വാഹനങ്ങൾക്കും കാൽനയാത്രക്കാർക്കും കടന്നുപോകാൻ കഴിയാത്ത വിധത്തിൽ പൊട്ടിപൊളിഞ്ഞു കിടക്കുകയാണ്. കുടിവെള്ള പദ്ധതികളുൾപ്പെടെ പഞ്ചായത്തിന്റെ അടിയന്തിര പ്രാധാന്യമുള്ള നിർമാണങ്ങൾക്ക് ഫണ്ട് തടസം കൂടാതെ അനുവദിക്കണമെന്ന് പ്രസിഡന്റ് രാജേശ്വരി രാജൻ ആവശ്യപ്പെട്ടു.