ചെറുതോണി: ക്രിസ്തുമസ്സ് അവധിക്കാലത്ത് സമഗ്രശിക്ഷാ കേരളത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് 6, 7, 8 ക്ലാസ്സുകളിലെ കുട്ടികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന ഗണിത ശാസ്‌ത്രോത്സവം ബഹിഷ്‌ക്കരിക്കുമെന്ന് കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഇടുക്കി രൂപതാ കമ്മിറ്റി അറിയിച്ചു. ക്രൈസ്തവ സമൂഹം ആരാധനയ്ക്കായി മാറ്റിവച്ചിരിക്കുന്ന ഞായറാഴ്ച്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ പരീക്ഷകളും പരിശീലന പരിപാടികളും തുടർച്ചയായി നടത്തി ക്രൈസ്തവരുടെ വിശ്വാസക്രമത്തെ ചോദ്യം ചെയ്യുന്ന നടപടികൾ കുറേക്കാലമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതു കൂടാതെയാണ് ഇപ്പോൾ ക്രിസ്തുമസ്സ് അവധിക്കാലത്ത് ഗണിതശാസ്‌ത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് ഈ തീരുമാനത്തിൽ നിന്നും പിൻമാറണമെന്ന് ടീച്ചേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു. ഇടുക്കി രൂപതാ കാര്യാലയത്തിൽ കൂടിയ ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹികളുടെ യോഗത്തിൽ ഡയറക്ടർ ഫാ. ജോർജ് തകടിയേൽ, പ്രസിഡന്റ് ബിനോയി മഠത്തിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് സിബി വലിയമറ്റം, സെക്രട്ടറി ജിജി കൂട്ടുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.