തൊടുപുഴ: കാർഷിക വികസന സൊസൈറ്റിയുടെ (കാഡ്‌സ്) കുതിരചന്തയിൽ നിന്ന് ആദ്യ കുതിരയെ സ്വന്തമാക്കിയത് വാഴക്കുളം സ്വദേശി. ആന്റണി പുൽപ്പറമ്പാണ് ഇംഗ്ലീഷ് ബ്രീഡിൽപ്പെട്ട കുതിരക്കുട്ടനെ 60,000 രൂപയ്ക്ക് സ്വന്തമാക്കിയത്. ആദ്യമായാണ് കേരളത്തിലെ ഒരു ചന്തയിൽ കുതിരകളെ വിൽപ്പനയ്‌ക്കെത്തിക്കുന്നത്. പതിവുപോലെ രാവിലെ ആറര മുതൽ 10 വരെ വെങ്ങല്ലൂർ- മങ്ങാട്ടുകവല ബൈപ്പാസിലായിരുന്നു കാലിചന്ത. അഞ്ച് കുതിരകളെ വിൽപ്പനയ്ക്കെത്തിച്ചതിൽ ഒരെണ്ണമാണ് വിറ്റുപോയത്. കുതിരയെ ഓടിക്കാനറിയില്ലെങ്കിലും വാഴക്കുളത്തെ തന്റെ ഫാമിലെത്തുന്നവർക്ക് കാഴ്ചയൊരുക്കാനാണ് ആന്റണി കുതിരയെ വാങ്ങിയത്. പരിശീലനമില്ലാതെ കുതിര പുറത്ത് കയറിയാൽ വീഴാൻ സാദ്ധ്യതയുണ്ട്. അതിനാൽ നിരവധിപ്പേരുടെ ആവശ്യത്തെ തുടർന്ന് മങ്ങാട്ടുകവലയിൽ കുതിരസവാരി പരിശീലനം നൽകാനൊരുങ്ങുകയാണ് കുതിരയെ വിൽപ്പന നടത്തിയ റിയാസ്.