തൊടുപുഴ : ജനിച്ച് വളർന്ന രാജ്യത്ത് ജാതിയുടെ പേരിൽ പൗരത്വം നിഷേധിക്കുന്ന പൗരത്വ ഭേതഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും യു.ഡി.എഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ പി.ജെ ജോസഫ് എം.എൽ.എ ഉദ്ഘാടന ം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ അദ്ധ്യക്ഷത വഹിച്ചു. പൗരത്വ ഭേതഗതി നിയമം മതേതരത്വം തകർക്കുമെന്നും രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാകുമെന്നും പി.ജെ ജോസഫ് പറഞ്ഞു. ജില്ലയിലെ ഭൂപ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കണമെന്നും വിലക്കയറ്റം തടയണമെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് സന്ധിയില്ലാത്ത സമരവുമായി മുന്നോട്ടുപോകുമെന്നും അദേഹം പറഞ്ഞു. ഘടക കക്ഷി നേതാക്കളായ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ,​ പ്രൊഫ. എം.ജെ ജേക്കബ്,​ എം.എസ് മുഹമ്മദ്,​ സെബാസ്റ്റ്യൻ വിളക്കുന്നേൽ,​ ഷാഹുൽ ഹമീദ്,​ ജി. മുനിയാണ്ടി,​ മാർട്ടിൻ മാണി,​ സി.കെ ശിവദാസ്,​ രാജു മുണ്ടക്കാട്ട് എന്നിവർ പ്രകടനത്തിനും ധർണ്ണയ്ക്കും നേതൃത്വം നൽകി.