ഇടവെട്ടി: തെക്കുംഭാഗം- അഞ്ചിരി റോഡ് റീ ടാറിംഗ് ചെയ്ത് ഗതാഗത യോഗ്യമാക്കി മാറ്റാൻ പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആയിരക്കണക്കിനാളുകൾ ദിനംപ്രതി യാത്രചെയ്യുന്ന പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട പഴക്കമേറിയ റോഡാണിത്. റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. പലഭാഗത്തും അഗാധ ഗർത്തങ്ങളുമാണ്. അടിയന്തരമായി റോഡ് നന്നാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്ന് കേരള കോൺഗ്രസ് (എം)​ ഇടവെട്ടി മണ്ഡലം കമ്മിറ്റി അറിയിച്ചു. കൂടാതെ കാരിക്കോട് തെക്കുംഭാഗം ഇഞ്ചിയാനി വഴി ആനക്കയത്തേക്ക് സർവീസ് നടത്തിവന്നിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ സർവീസ് വെട്ടിച്ചുരുക്കിയത് പുനഃപരിശോധിക്കാൻ അധികൃതർ തയ്യാറാകണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സർവീസുകൾ കുറച്ചു നാൾ
നിറുത്തലാക്കിയെങ്കിലും നാട്ടുകാരുടെ ആവശ്യം മുൻനിർത്തി സർവീസുകൾ പുനരാരംഭിച്ചിരുന്നു. നൂറുകണക്കിന് യാത്രക്കാർക്ക് ഉപകാരപ്രദമായ സർവീസുകൾ പുനരാരംഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കേരള കോൺഗ്രസ് (എം)​ ഇടവെട്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജനുവരി രണ്ടിന് നടക്കുന്ന കേരള കോൺഗ്രസ് (എം)​ തൊടുപുഴ നിയോജകമണ്ഡലം കൺവെൻഷനിൽ നൂറ് പ്രതിനിധികളെ പങ്കെടുപ്പിക്കാൻ കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് ഷിജു തോമസ് പൊന്നാമറ്റത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടി നേതാക്കളായ പ്രൊഫ. കെ.ഐ. ആന്റണി, ജിമ്മി മറ്റത്തിപ്പാറ, ജയകൃഷ്ണൻ പുതിയേടത്ത്, അബ്രഹാം അടപ്പൂര്, സി.സി ജോർജ്, ജോജി വാതല്ലൂർ, ജൂണീഷ് കള്ളിക്കാട് എന്നിവർ പ്രസംഗിച്ചു.