കുമളി: പെരിയാർ വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കത്തിൽ പ്രദേശവാസികൾ കടുത്ത ആശങ്കയിൽ. ദേശീയ ഉദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, മറ്റ് സംരക്ഷിത പ്രദേശങ്ങൾ എന്നിവയ്ക്ക് ചുറ്റുമുള്ള ഒരു കിലോ മീറ്റർ പരിധിയിലുള്ള പ്രദേശങ്ങൾ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തുന്ന കരട് വിജ്ഞാപനം ഒക്ടോബർ 31നാണ് സർക്കാർ പുറപ്പെടുവിച്ചത്. നിയമം പ്രാബല്യത്തിലായാൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വനപ്രദേശത്തിനടുത്ത് താമസിക്കുന്നവർ കുടിയൊഴിയേണ്ടി വരുമെന്നാണ് ഭീതി. സ്വന്തം ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾ, സഞ്ചാര സ്വാതന്ത്ര്യം, മരംമുറിക്കൽ തുടങ്ങിയവയ്ക്ക് നിയന്ത്രണം വരുമെന്നും ആശങ്കയുണ്ട്. ഇതിനിടെ കുമളി പഞ്ചായത്ത് അടിയന്തിര യോഗം ചേർന്ന് വിജ്ഞാപനത്തിനെതിരെ പ്രമേയം പാസാക്കി.

ആശങ്കയറിയിച്ച്

ജനപ്രതിനിധികളും

വിജ്ഞാപനം പ്രാബല്യത്തിൽ വന്നാൽ വനത്തിന് ചുറ്റും താമസിക്കുന്നവരെ ദോഷകരമായി ബാധിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി തേക്കടിയിൽ നടന്ന ചർച്ചയിൽ ജനപ്രതിനിധികൾ ആശങ്കപ്രകടിപ്പിച്ചു.

പിന്മാറണമെന്ന് വ്യാപാരികൾ

വിജ്ഞാപനത്തിൽ നിന്ന് നിന്ന് വനംവകുപ്പ് പിൻമാറണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. നിയമം നടപ്പിലാക്കിയാൽ കുമളി ശവപ്പറമ്പാകും. ഉദ്യോഗസ്ഥ നീക്കം പ്രതിരോധിക്കാൻ ജനപ്രതിനിധികൾ ഉണർന്നു പ്രവർത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വനംവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഓഫിസ് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കാൻ പ്രസിഡന്റ് മജോ കാരി മുട്ടം അദ്ധ്യക്ഷത വഹിച്ച യോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടറി ജോയി മേക്കുന്നേൽ, ഭാരവാഹികളായ സാബു സ്‌കറിയ, പി.എൻ. രാജു, ജയിംസ് പൂവത്തുങ്കൽ, വി.സി. വർഗീസ്, രാരിച്ചൻ നിറണാകുന്നേൽ, ഷിബു എം. തോമസ്, എം. ഫിറോസ്, തോമസ് ദേവസ്യ എന്നിവർ പ്രസംഗിച്ചു.

''വന്യജീവികളെയും പ്രദേശവാസികളെയും ബാധിക്കുന്ന വാണിജ്യ വ്യാവസായിക പ്രവർത്തനങ്ങൾ മാത്രമാണ് പരിസ്ഥിതിലോല പ്രദേശത്ത് പരിമിതപ്പെടുത്തുന്നത്. ജനപ്രതിനിധികളുടെ ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കും.

-അനൂപ് കെ.ആർ

(ഫീൽഡ് ഡയറക്ടർ പെരിയാർ കടുവാ സങ്കേതം)