ചെറുതോണി: മുതിർന്ന ട്രേഡ് യൂണിയൻ നേതാവും മുൻ എം.എൽ.എയുമായ എസ്. സുന്ദരമാണിക്യത്തിന്റെ നിര്യാണത്തിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അനുശോചിച്ചു. വിയോഗം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നഷ്ടമാണ്. വളരെ ചെറുപ്പത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ അംഗമാവുകയും തുടർന്ന് ജീവിതാവസാനം വരെ വിപ്ലവ പുരോഗമന പ്രസ്ഥാനങ്ങളുടെ നേതൃനിരയിൽ സജീവമായി പ്രവർത്തിക്കുകയും ചെയ്തു. പതിനാറാംവയസ്സിൽതന്നെ തോട്ടംതോഴിലാളികളുടെ പ്രശ്നങ്ങളിൽഇടപെട്ടു തുടങ്ങി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മണ്ഡലംകമ്മിറ്റിംഗമായി. 1968 ൽ കണ്ണൻദേവൻ തേയില തോട്ടം തൊഴിലാളികൾക്ക്‌ ബോണസിനുവേണ്ടിയുള്ള സമരത്തിന് നേതൃത്വം നൽകി ജയിൽവാസം അനുഭവിച്ചു. ചുരുളി- കീരിത്തോട് കുടിയിറക്ക് വിരുദ്ധസമരത്തിൽ എ.കെ.ജിയോടൊപ്പം പദയാത്രയിൽ പങ്കാളിയായി. സി.പി.എം ജില്ലാ കമ്മിറ്റിയംഗമായും സെക്രട്ടറിയേറ്റംഗമായും ദീർഘകാലം പ്രവർത്തിച്ചു. സാധാരണക്കാരുടേയും തൊഴിലാളികളുടേയും സ്‌നേഹവും ആദരവും ലഭിച്ച സുന്ദരമാണിക്യം ട്രേഡ് യൂണിയൻ രംഗത്തെ കരുത്തുറ്റ നേതാവായിരുന്നെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു.