തൊടുപുഴ: നഗരത്തിന് സമീപം തിരക്കേറിയ റോഡിൽ മാലിന്യം തള്ളുന്നതായി പരാതി. കാരിക്കോട് ജില്ലാ ആശുപത്രി, ന്യൂമാൻ കോളജ്, വിമല പബ്ലിക് സ്‌കൂൾ എന്നിവയ്ക്ക് സമീപത്തുകൂടി കടന്നു പോകുന്ന റോഡിന്റെ വശങ്ങളിലാണ് രാത്രി കാലങ്ങളിലെത്തി മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരിക്കുന്നത്. പ്ലാസ്റ്റിക് കവറുകളിൽ മാലിന്യം കെട്ടി റോഡരികിലേക്ക് വലിച്ചെറിയുകയാണ് ചെയ്യുന്നത്. പ്രദേശത്ത് നിരവധി വീടുകളും ന്യൂമാൻ കോളജിലെയും വിമല സ്‌കൂളിലെയും വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറു കണക്കിനു യാത്രക്കാരും സഞ്ചരിക്കുന്ന വഴിയിലാണ് മാലിന്യ നിക്ഷേപം. സമീപത്ത് സി.സി ടി.വി കാമറകൾ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താനായിട്ടില്ല. മാലിന്യ നിക്ഷേപത്തിനെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.