മുട്ടം: പാൽ കൊണ്ടുവന്ന വാഹനവും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ഇന്നലെ പുലർച്ചെ ആറ് മണിയോടെ മുട്ടം ഗവ. ആയൂർവേദ ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം. തൊടുപുഴയിൽ നിന്ന് തോട്ടുങ്കര ഭാഗത്തേക്ക്‌ മത്സ്യം കയറ്റിവന്ന ഓട്ടോ റിക്ഷയും ചള്ളാവയൽ ഭാഗത്ത്‌ നിന്ന് മുട്ടം ഭാഗത്തേക്ക്‌ വന്ന പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. ഓട്ടോ റിക്ഷയിലുണ്ടായിരുന്ന മുട്ടം പരത്തിനാൽ ചന്ദ്രനും മരുമകനും സാരമായ പരിക്ക് പറ്റി.റോഡിൽ വീണ മത്സ്യം മുഴുവനും ഉടമകൾ മറ്റൊരു വാഹനത്തിൽ കയറ്റി കൊണ്ടുപോയി. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ മുട്ടം സ്റ്റേഷനിലെ എസ് ഐ ബൈജു പി ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറിയിച്ചതിനെ തുടർന്ന് തൊടുപുഴ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ എത്തി റോഡിൽ വെള്ളം ഒഴിച്ച് റോഡ് വൃത്തിയാക്കി.രണ്ട് വാഹനങ്ങൾക്കും സാരമായ കേട് സംഭവിച്ചു. ഇരു കൂട്ടർക്കും പരാതി ഇല്ലാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തില്ല.