തൊടുപുഴ : മൂന്നാറിൽ കുറഞ്ഞ വിലയ്ക്ക് വസ്തു വാങ്ങി നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് രാജസ്ഥാൻ സ്വദേശിയെ കബളിപ്പിച്ച് മുപ്പത്ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം കടവന്ത്ര വിനായക് ഇൻഫോടെക്സ് കമ്പ്യൂട്ടർ സ്ഥാപനം നടത്തിവരുന്ന രാജസ്ഥാൻ സ്വദേശിയും കടവന്ത്രയിൽ താമസിക്കുന്ന മകൻ ദീപക്കിൽനിന്നുമാണ് പണം കവർന്നത്. അടിമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ മച്ചിപ്ലാവ് പള്ളിപ്പാട്ട് ബേസിൽ, കല്ലാർകുട്ടി വെഴുക്കപ്പാറയിൽ രാജേഷ്, അടിമാലി പൊളിഞ്ഞപാലം ക്ലാക്കിയിൽ സോജി , പറവൂർ കാഞ്ഞിരത്തിങ്കൽ ജോസ് എറണാകുളം കോമ്പാറ കല്ലേത്ത് നൗഫൽ, കിളിമാനൂർ ചൂട്ടയിൽ ഫൈസൽ എന്നിവരുടെ ജാമ്യാപേക്ഷയാണ് തൊടുപുഴ സെക്ഷൻസ് കോടതി ജഡ്ജ് മുഹമ്മദ് വസിം തള്ളി ഉത്തരവായത്. പ്രതികളെല്ലാം ചേർന്ന് ഗൂഡാലോചന നടത്തി മൂന്നാറിൽ മൂന്നേക്കർ സ്ഥലവും റിസോർട്ടും കുറഞ്ഞ വിലയ്ക്ക് വിൽക്കാനുണ്ടെന്നും അത് അടിമാലിയിലെ സെന്റ് ജൂഡ് പള്ളിയിലെ അച്ചന്റെ വകയാണെന്നും കേസിലെ പരാതിക്കാരനായ ദീപക്കിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. അഡ്വാൻസ് കൊടുക്കാനായി 30 ലക്ഷം രൂപയുമായി ദീപക്കിനെ അടിമാലിയിൽ എത്തിച്ച് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയതായാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. ബി. സുനിൽദത്ത് ഹാജരായി.