krishnakumar

തൊടുപുഴ: ഉത്ത‌ർപ്രദേശിലെ മഥുരയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയായ എയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. ഇന്ത്യൻ എയർഫോഴ്‌സിലെ ലീഡിംഗ് എയർക്രാഫ്റ്റ്മാനും കുമാരമംഗലം ഉരിയരിക്കുന്ന് നടുവിലേടത്ത് മനോജിന്റെയും അജിതയുടെയും മകനുമായ കുമാരമംഗലം നടുവിലേടത്ത് കൃഷ്ണദാസ് മനോജാണ് (കണ്ണൻ- 23) മരിച്ചത്.

ഗ്വാളിയാറിലെ ക്യാമ്പിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇവിടെ നിന്ന് ബംഗളൂരുവിലേക്ക് സ്ഥലംമാറ്റം കിട്ടിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് ബൈക്ക് ബംഗളൂരുവിലേക്ക് ട്രെയിനിൽ അയയ്‌ക്കുന്നതിനായി ഡൽഹിയിലേക്ക് പോകും വഴിയായിരുന്നു അപകടം.

മൂടൽമഞ്ഞു കാരണം വഴികാണാൻ കഴിയാതെ ബൈക്ക് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണദാസിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ദേശീയ സൈക്ലിംഗ് താരമായ കൃഷ്ണദാസ് കേരളത്തിനായി നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. സംസ്‌കാരം പിന്നീട്. സഹോദരി: കൃഷ്ണപ്രിയ (കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ്.എസിലെ പ്ലസ്‌വൺ വിദ്യാർത്ഥി).