sundaramanikyam

മൂന്നാർ: മുൻ ദേവികുളം എം.എൽ.എയും തോട്ടം തൊഴിലാളി നേതാവുമായിരുന്ന എസ്. സുന്ദരമാണിക്യം (79) അന്തരിച്ചു. ഇന്നലെ പുലർച്ചെ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ദീർഘനാളായി രോഗബാധിതനായിരുന്നു. പുലർച്ചെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു. 1987ലെ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ നിന്ന് കോൺഗ്രസിലെ എൻ. ഗണപതിയെ തോൽപ്പിച്ചാണ് സി.പി.എം സ്ഥാനാത്ഥിയായ എസ്. സുന്ദരമാണിക്യം നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നാറിലെ എസ്റ്റേറ്റ് തൊഴിലാളിയായിരിക്കെയാണ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം, എസ്.സി, എസ്.ടി ഫെഡറേഷൻ ഭാരവാഹി, സി.ഐ.ടി.യു ജില്ലാ- സംസ്ഥാന ജനറൽ കൗൺസിൽ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. 91, 96 തുടങ്ങിയ വർഷങ്ങളിലും സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും കോൺഗ്രസിലെ എ.കെ. മണിയോട് പരാജയപ്പെട്ടു. തോട്ടം തൊഴിലാളിയായ അന്നമ്മാളാണ് ഭാര്യ. മക്കൾ: ആനന്ദ ജ്യോതി, റാണി മുരുകരാജൻ, അരുൺ, സ്റ്റാലിൻ(മൂന്നാർ പഞ്ചായത്ത് അംഗം), അൻപുസെൽവി. സുന്ദരമാണിക്യത്തിന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അനുശോചിച്ചു.