kallar
കല്ലാർ ഗവ. ഹൈസ്കൂളിൽ നീന്തൽ കുളം ആരംഭിക്കുന്ന സ്ഥലം

നെടുങ്കണ്ടം: പഠനത്തോടൊപ്പം നീന്തൽ പഠിക്കാനുമുള്ള സൗകര്യം കല്ലാർ ഗവ. ഹൈസ്കൂളിൽ ഒരുങ്ങുന്നു. ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിലാണ് നീന്തൽകുളം നിർമ്മിക്കുന്നതിനുള്ള സർക്കാർ ഭരണാനുമതി ലഭിച്ചത്. 25 മീറ്റർ നീളമുള്ള നീന്തൽകുളമാണ് സ്‌കൂളിനായി നിർമ്മിക്കുന്നത്. നിരവധി വിദ്യാർത്ഥികളുടെ മുങ്ങി മരണത്തിന് ജില്ല സാക്ഷ്യം വഹിച്ചിരുന്നു. കല്ലാർ സ്‌കൂളിലെ തന്നെ വിദ്യാർത്ഥി തൂവൽ വെള്ളചാട്ടത്തിൽ മുങ്ങി മരിച്ചിരുന്നു. ഇതോടെ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നൽകാനുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാവുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് നീന്തൽകുളം നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചത്. മന്ത്രി എം.എം. മണിയുടെ ഇടപെടലിനെ തുടർന്ന് 60 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. നീന്തൽ കുളത്തിലേയ്ക്ക് ആവശ്യമായ വെള്ളം കല്ലാർ പുഴയിൽ നിന്ന് തന്നെ എടുക്കാൻ കഴിയും.