തൊടുപുഴ: ഇഴജന്തു കടിച്ചെന്ന സംശയത്തിൽ യു.കെ.ജി വിദ്യാർത്ഥിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും പരിശോധനയിൽ വിഷാംശമില്ലെന്ന് കണ്ടെത്തിയതോടെ വിട്ടയച്ചു. ഇടവെട്ടി സ്വദേശിയായ നാലരവയസുകാരി രാവിലെ സ്‌കൂൾ ബസിൽ വിദ്യാലയത്തിലേക്കു വരുന്ന വഴി കാലിൽ എന്തോ കടിച്ചെന്ന് അദ്ധ്യാപകരോട് പറഞ്ഞു. തുടർന്ന് അദ്ധ്യാപകർ പരിശോധിച്ചപ്പോൾ കാലിൽ ഏതോ ജീവി കടിച്ചതായി തോന്നിയതിനെ തുടർന്ന് കുട്ടിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ കാൽ ചൊറിഞ്ഞു പൊട്ടുകയും ചെയ്തിരുന്നു. ശിശുരോഗ വിദഗ്ദ്ധന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയതിനു ശേഷം കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടിയെ മെഡിക്കൽ കോളജിൽ എത്തിച്ചു. പരിശോധനയിൽ ശരീരത്തിൽ വിഷാംശമില്ലെന്ന് വ്യക്തമായി. തുടർന്ന് രാത്രിയോടെ ഡിസ്ചാർജ് ചെയ്തു.