തൊടുപുഴ: റോഡിലൂടെ 'അവന്റെ" വരവ് കണ്ടാൽ ചെറുവാഹനങ്ങളെല്ലാം പേടിച്ച് അരികിലൊതുങ്ങും, കാൽനടയാത്രക്കാർ ഓടിയൊളിക്കും. അവൻ മറ്റാരുമല്ല, നഗരത്തിലൂടെ ചീറിപായുന്ന കൊലകൊല്ലി ബസുകളാണ്. ബെല്ലും ബ്രേക്കുമില്ലാതെ പാഞ്ഞുവരുന്ന ചില ബസുകൾ കണ്ടാൽ നഗരത്തിലിറങ്ങുന്നവർ ഭയന്നുവിറയ്ക്കുന്ന സ്ഥിതിയാണ്. ഇക്കാര്യത്തിൽ കെ.എസ്.ആർ.ടി.സിയെന്നോ സ്വകാര്യ ബസെന്നോ വ്യത്യാസമില്ല. ആരോടൊക്കെയോ ഉള്ള കലിപ്പിൽ ഇവർ ആക്സിലേറ്ററിൽ ആഞ്ഞ് ചവിട്ടി പായുകയാണ്. ബസുകൾക്ക് നഗരത്തിൽ പരമാവധി വേഗം 30 കിലോമീറ്ററായി നിയന്ത്രിച്ചിട്ടുള്ള കാര്യം പല ഡ്രൈവർമാരും വകവയ്ക്കാറില്ല. മിക്കപ്പോഴും ഇതിന്റെ ഇരട്ടി വേഗത്തിലാണ് നഗരത്തിലൂടെ ഇവർ പായുന്നത്. പിന്നിൽ വന്ന് ഉച്ചത്തിൽ നീട്ടി ഹോണടിച്ച് ഇരുചക്രവാഹനയാത്രികരെയും ചെറുവാഹനങ്ങളെയും വിരട്ടുന്നത് ഇവരുടെ ഹോബിയാണ്. സ്ത്രീ ഡ്രൈവർമാരാണെങ്കിൽ ഇവർക്ക് ഹരമേറും. രാവിലെ തന്നെ മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവറെയും സ്വകാര്യ ബസ് ഡ്രൈവറെയും തൊടുപുഴയിൽ ട്രാഫിക് പൊലീസ് പിടികൂടിയത് രണ്ടാഴ്ച മുമ്പാണ്. ഒരു വെളിവുമില്ലാതെ മറ്റുള്ളവരുടെ ജീവന് പുല്ലുവില കൽപ്പിച്ച് നഗരത്തിൽ തേരാപാര പായുന്ന ബസുകൾക്ക് മൂക്കുകയറിടാൻ അധികൃതർക്കാവുന്നില്ലെന്നാണ് ആക്ഷേപം.
ബ്ളോക്ക് ആക്കിയാലെ തൃപ്തി വരൂ
നഗരത്തിലൂടെ പോകുമ്പോൾ റോഡിന്റെ നടുക്ക് ബസ് നിറുത്തി ഗതാഗതക്കുരുക്ക് ഉണ്ടാക്കിയില്ലെങ്കിൽ പല ഡ്രൈവർമാർക്കും തൃപ്തി വരില്ല. പല ബസുകളും റോഡിന്റെ നടുക്ക് നിറുത്തിയാണ് ആളെ കയറ്റുന്നതും ഇറക്കുന്നതും. ഇതോടെ മുന്നിലൂടെയും പിന്നിലൂടെയും വരുന്ന വാഹനങ്ങൾക്ക് ചലിക്കാനാകാത്ത സ്ഥിതി വരും. നഗരത്തിലെ അതി രൂക്ഷമായ ഗതാഗതക്കുരുക്കിന് പ്രധാന കാരണവും ഇതാണ്.
ഡബിൾ ബെല്ലടിച്ച് അധികൃതർ
ബൈക്ക് യാത്രക്കാരിൽ നിന്ന് ഹെൽമറ്റ് ഇല്ലാത്തതിന്റെ പേരിലും കാർ യാത്രക്കാരിൽ നിന്ന് സീറ്റ് ബെൽറ്റ് ഇടാത്തതിന്റെ പേരിലും പിഴ ഈടാക്കാൻ കാമറകളും മൊബൈൽ ആപ്പുമായി ഇറങ്ങി ഇരിക്കുന്ന പൊലീസും മോട്ടോർ വാഹന വകുപ്പും നഗര മധ്യത്തിൽ ബസ് ഡ്രൈവർമാർ കാട്ടുന്ന തോന്ന്യാസങ്ങൾക്ക് നേരെ കണ്ണടക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. എവിടെയെങ്കിലും എന്തെങ്കിലും അപകടങ്ങൾ ഉണ്ടായാൽ ഇവരെല്ലാം പരസ്പരം കുറ്റപ്പെടുത്തും.