കുമളി/തൊടുപുഴ: പെരിയാർ കടുവ സങ്കേതത്തോടും ദേശീയ ഉദ്യാനത്തോടും അടുത്തുകിടക്കുന്ന കുമളി പട്ടണത്തെയും പരിസരങ്ങളെയും പരിസ്ഥിതി ദുർബല മേഖലയിൽ പെടുത്താനുള്ള നീക്കം തടയണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. ജനവാസമേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ നേരിൽ കണ്ട് എം.പി കത്ത് നൽകി. 1935-ൽ നെല്ലിക്കാംപെട്ടി ഗെയിം റിസർവ് രൂപീകൃതമായ കാലം മുതൽ ജനവാസകേന്ദ്രമായ കുമളിയിൽ വനം വന്യജീവി സംരക്ഷണത്തിനുവേണ്ടി ജനങ്ങൾ പ്രതിജ്ഞാബദ്ധരായി നിലകൊള്ളുന്ന പ്രദേശമാണ്. പൊതുജനപങ്കാളിത്തത്തോടുകൂടിയുള്ള ഇവിടത്തെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ അന്താരാഷ്ട്രതലത്തിൽ പ്രശംസ പിടിച്ചുപറ്റിയതാണ്. നിലവിലുള്ള സ്ഥിതിയിൽ വരുത്തുന്ന ഏതുമാറ്റവും ജനജീവിത്തെ സാരമായി ബാധിയ്ക്കും. അന്താരാഷ്ട്ര വിനോദസഞ്ചാരകേന്ദ്രവും ശബരിമലയുടെ കവാടവും അതിർത്തി പട്ടണവുമായ കുമളിയെ തകർക്കാൻ മാത്രമെ ഈ നീക്കം പ്രയോജനപ്പെടൂ. ഒരിഞ്ച് വനഭൂമി പോലും കൈയേറാതെയും പ്രകൃതിയെ സംരക്ഷിയ്ക്കുന്നതിൽ പങ്കാളികളായും കഴിയുന്ന കുമളിയിലെ ഗ്രാമങ്ങളിൽ അധിവസിയ്ക്കുന്ന ആയിരങ്ങളുടെ ജീവനോപാധികൾക്ക് നിയന്ത്രണവും വീടുകൾ, ആശുപത്രികൾ, സ്‌കൂളുകൾ, ആരാധനാലയങ്ങൾ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾക്കുമേൽ നിബന്ധനകൾ ഏർപ്പെടുത്തുകയും ചെയ്യുന്ന ഈ നീക്കത്തിൽ നിന്ന് പിൻതിരിയണമെന്നും കുമളിയെ ഇ.എസ്.എയുടെ സീറോ ദൂരപരിധിയിൽ നിലനിർത്തണമെന്നും എം.പി ആവശ്യപ്പെട്ടു.