കട്ടപ്പന: നഗരസഭാ മേഖലയിലെ നിർധനരായ രോഗികളെ സഹായിക്കാനുള്ള ജീവകാരുണ്യ ഫണ്ട് ശേഖരിക്കാൻ ലക്ഷ്യമിട്ട് നഗരസഭയുടെ നേതൃത്വത്തിൽ ട്രാവൻകൂർ അഗ്രോ സൊസൈറ്റിയുമായി ചേർന്ന് നടത്തുന്ന കട്ടപ്പന ഫെസ്റ്റ് 18 മുതൽ ജനുവരി ഒന്നു വരെ നടക്കുമെന്ന് നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി, മനോജ് എം. തോമസ്, മനോജ് മുരളി എന്നിവർ അറിയിച്ചു. 18ന് വൈകിട്ട് നാലിന് ടൗൺ ഹാൾ പരിസരത്തു നിന്ന് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. അഞ്ചിന് ചേരുന്ന യോഗത്തിൽ കലാഭവൻ പ്രജോദ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. റോഷി അഗസ്റ്റിൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സമ്മേളാനന്തരം കലാഭവൻ ജിന്റോയുടെ നേതൃത്വത്തിൽ മെഗാഷോ നടക്കും. 19ന് രാവിലെ 11 മുതൽ പ്രദർശന പരിപാടി ആരംഭിക്കും. പ്രദർശന പരിപാടികളും കാർഷികവിള പ്രദർശന മത്സരവും ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് അഞ്ചുമുതൽ ഏഴ് വരെ പ്രാദേശിക കലാസമിതികളുടെ കലാപരിപാടികൾ ഉണ്ടായിരിക്കും. 21ന് രാവിലെ 10ന് ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നുമായി 40 കൃഷിക്കാർ ഉൽപാദിപ്പിച്ചിട്ടുള്ള മൂല്യവർധിത കാർഷിക ഉൽപന്നങ്ങളുടെ പ്രദർശനം ഇ.എസ്. ബിജിമോൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് ചേരുന്ന പൊതുയോഗത്തിൽ ജില്ലയിൽ നിന്നു സംസ്ഥാന ജില്ലാ കർഷക അവാർഡ് ലഭിച്ചിട്ടുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കൂട്ടായ്മകൾക്കും മന്ത്രി എം.എം.മണി അവാർഡുകൾ വിതരണം ചെയ്യും. റോഷി അഗസ്റ്റ്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 23ന് രാവിലെ നടക്കുന്ന ക്ഷീരകർഷക സെമിനാർ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൂടാതെ കാലി പ്രദർശനവും നടക്കും. വൈകിട്ട് കോമഡി ഷോ. 28ന് നടക്കുന്ന താലൂക്ക് തല ലൈബ്രറി പ്രവർത്തകരുടെ സെമിനാർ നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും. ജനുവരി ഒന്നിന് വൈകിട്ട് ഫെസ്റ്റ് സമാപിക്കും.