പീരുമേട്: ഇന്ത്യയിലെ 135 കോടി ജനങ്ങളെ ഒന്നായി കാണാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനു മാത്രമേ കഴിയൂവെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ജില്ലാ സമ്മേളനം പീരുമേട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യത്തിന്റെ നഷ്ടപ്പെട്ട മതേതര പൈതൃകം വീണ്ടെടുക്കാൻ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ജനാധിപത്യവാദികൾ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വാഗതസംഘം ചെയർമാൻ എം. ഷാഹുൽഹമീദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനത്തിൽ മുൻ ഡി.സി.സി പ്രസിഡന്റ് റോയി കെ. പൗലോസ്, ഗാന്ധി ദർശൻവേദി ജില്ലാ ചെയർമാൻ ആൽബർട്ട് ജോസ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, എൻ.ജി.ഒ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ഒ.എം. ഫൈസൽഖാൻ, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി പി.കെ. രാജൻ, കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം കെ. രാജൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മളനം സംസ്ഥാന പ്രസിഡന്റ് അയത്തിൽ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. വിക്രമൻനായർ മുഖ്യപ്രഭാഷണം നടത്തി. ബാബു രാജേന്ദ്രൻനായർ, കെ.ജി. രാധാകൃഷ്ണൻ, കെ.വി.മുരളി, എം.ഡി. അർജുനൻ, അൽഫോൻസാ ജോസഫ്, ജി. രാജരത്തിനം എന്നിവർ സംസാരിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രതിനിധികൾ ടൗണിൽ പ്രകടനം നടത്തി. ടി.ജെ. പീറ്റർ പ്രസിഡന്റും പി.എസ്. സെബാസ്റ്റ്യൻ സെക്രട്ടറിയും വി.എ. ജോസഫ് ട്രഷററുമായി പുതിയ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.